കുടിയന്‍മാര്‍ക്ക് അഭിമാനിക്കാം ; അഞ്ച് വര്‍ഷത്തിനിടെ നിങ്ങള്‍ നികുതിയായി നല്‍കിയത് 46,546 കോടി

സംസ്ഥാനം നിലനിന്നു പോകുന്നത് മദ്യത്തില്‍ നിന്നുള്ള നികുതി കൊണ്ടാണ് എന്ന പരസ്യമായ രഹസ്യം എല്ലാവരും അംഗീകരിച്ചത് ആണ്. എന്നാലും കുടിയന്മാരോട് ഒരു ചിറ്റമ്മ നയം ആണ് സര്‍ക്കാരിന് ഉള്ളത്. എന്നാലും യാതൊരു പരാതിയും പരിഭവവും ഇല്ലാതെ കുടിയന്മാര്‍ തങ്ങളുടെ കടമ നിറവേറ്റി വരുന്നു. ഇപ്പോളിതാ നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഉള്ള വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിന്റെ ഖജനാവിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നികുതിയിനത്തില്‍ നിങ്ങള്‍ നല്‍കിയത് 46,546.13 കോടി രൂപ. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള അഞ്ച് വര്‍ഷക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റുമായ എംകെ ഹരിദാസ് നല്‍കിയ അപേക്ഷയില്‍ ടാക്സ് കമ്മിഷണറേറ്റ് നല്‍കിയ മറുപടിയാണ് കണക്കുകളില്‍ ഉള്ളത്.

അഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം മദ്യപാനികള്‍ സര്‍ക്കാരിന് പ്രതിമാസം 766 കോടി രൂപയാണ് നല്‍കുന്നത്. അതായത് ഒരു ദിവസം ഏകദേശം 25.53 കോടി രൂപ മദ്യത്തില്‍ നിന്നും മാത്രമായി സര്‍ക്കാരിന് ലഭിക്കുന്നു. 2018-19, 2019-20 കാലത്താണ് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് കൂടുതല്‍ നികുതി ലഭിച്ചത്. 2018-19ല്‍ 9,915.54 കോടിയും 2019-20ല്‍ 10,332.39 കോടിയുമാണ് സര്‍ക്കാരിന് ലഭിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള അഞ്ച് വര്‍ഷക്കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു. മദ്യവില്‍പ്പനയില്‍ നിന്നും ബെവ്കോ ഉണ്ടാക്കുന്ന ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ല്‍ 85.93 കോടി രൂപയും 2017-18ല്‍ 100.54 കോടി രൂപയും ബെവ്കോ ലാഭമുണ്ടാക്കിയെന്നാണ് രേഖയില്‍ പറയുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ല എന്നാണ് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ വിശദീകരണം.