തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും നികുതി വര്‍ധന മരവിപ്പിച്ചു
തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജി.എസ്.ടി കൗണ്‍സിലിലാണ് തീരുമാനം. നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്. തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ജനുവരി ഒന്നിന് പുതിയ നികുതി നിലവില്‍ വരാനിരിക്കെയാണ് ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ണായക തീരുമാനമുണ്ടായത്. നികുതി വര്‍ധന മരവിപ്പിക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുത്തു.
അതുപോലെ സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ എന്റിറ്റികള്‍ എന്നീ നിര്‍വചനങ്ങളില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വര്‍ക്‌സ് കോണ്‍ട്രാക്ട് സേവനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 2021 ജനുവരി ഒന്ന് മുതല്‍ 18 ശതമാനം ആയി ഉയരും. എന്നാല്‍ ഈ നിരക്ക് വര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നേരിട്ടു നല്‍കുന്ന കരാറുകള്‍ക്ക് ബാധകമല്ല .ഇവര്‍ക്ക് നിലവിലെ നികുതി നിരക്കായ 12 ശതമാനം തന്നെ തുടരും . ഭരണഘടന നിര്‍ദ്ദേശിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പൂര്‍ണ്ണ സേവനങ്ങള്‍, 25 ശതമാനത്തില്‍ കുറവ് ചരക്കുകള്‍ ഉള്‍പ്പെടുന്ന വര്‍ക്‌സ് കോണ്‍ട്രാക്ട് സേവനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ ബാധകമായ നികുതി ഒഴിവ് തുടരും. എന്നാല്‍ ഇത്തരം സേവനങ്ങള്‍, സര്‍ക്കാര്‍ അതോറിറ്റികള്‍ സര്‍ക്കാര്‍ എന്റിറ്റികള്‍ വഴിയാണ് ലഭ്യമാക്കുന്നതെങ്കില്‍, അവയ്ക്ക് ജനുവരി ഒന്നുമുതല്‍ പൊതു നിരക്കായ 18 ശതമാനം ജിഎസ്ടി നിരക്ക് ബാധകമായിരിക്കും.