കൊറോണയുമായി ഒരു പുതു വര്‍ഷം കൂടി ; 2022നെ വരവേറ്റ് ലോകം
കൊറോണ മടങ്ങാതെ ഒരു പുതു വര്‍ഷം കൂടി ആഗതമായി. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ഇനിയും തീരാത്ത വൈറസ് വ്യാപനത്തിന്റെ ആശങ്കയിലും, വര്‍ണങ്ങളും വെളിച്ചവും നിറയുന്ന പ്രതീക്ഷയുടെ പുതുവത്സരം തുടങ്ങുന്നുവെന്ന് ന്യുസീലന്‍ഡിലെ ഓക്ലന്‍ഡിലെ ഹാര്‍ബര്‍ ബ്രിഡ്ജില്‍ നിന്നുളള ഈ കാഴ്ചകള്‍ പറയുന്നു.
ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡില്‍ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷാഘോഷം തുടങ്ങുക. ഓസ്ട്രേലിയയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ ആഘോഷങ്ങള്‍ തുടങ്ങി. സിഡ്നി ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും കണ്ണിന് കുളിരായി വെടിക്കെട്ട് നടത്തി. ഓമിക്രോണ്‍ ഭീതിയുടെ പേരില്‍ കേരളത്തില്‍ ഇത്തവണ കര്‍ഫ്യു ആണ് പുതു വത്സരത്തെ വരവേല്‍ക്കുന്നത്. മിക്ക ഇടങ്ങളിലും പുതുവത്സര ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു എങ്കിലും ഓമിക്രോണിന്റെയും ലഹരി ഉപയോഗത്തിന്റെയും പേര് പറഞ്ഞു സര്‍ക്കാര്‍ എല്ലാത്തിനും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.