കൊവിഡ് പ്രതിസന്ധി , കടബാധ്യത ; തിരുവനന്തപുരത്ത് ഹോട്ടലുടമ ജീവനൊടുക്കി
കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ കടബാധ്യതയെ തുടര്‍ന്ന് ഒരു ആത്മഹത്യ കൂടി. തിരുവനന്തപുരത്ത് ഹോട്ടലുടമയാണ് ജീവനൊടുക്കിയത്. പന്തുവിള പുത്തന്‍വീറ്റില്‍ വിജയകുമാറാണ് (52) ആത്മഹത്യ ചെയ്തത്. ഹോട്ടലിനു പുറത്തെ ചായ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദേശീയപാതയോരത്ത് കടുവാപ്പള്ളിയില്‍ ന്യൂലാന്‍ഡ് എന്ന പേരില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു.
മിക്ക ദിവസവും രാത്രി ഇദ്ദേഹം ഹോട്ടലിലാണ് കിടന്നുറങ്ങാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ച രാത്രി വീട്ടില്‍ വരാത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയില്ല. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് വളരെക്കാലം ഹോട്ടല്‍ അടഞ്ഞുകിടന്നത് സാമ്പത്തികമായി തളര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതകളും ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച കടബാധ്യതയെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാളാണ് വിജയകുമാര്‍.