സൂക്ഷിക്കുക ; അന്താരാഷ്ട്ര ബാങ്ക് ഇടപാട് സൗകര്യമുള്ളവരെ ലക്ഷ്യമിട്ട് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്

കാലം പുരോഗമിക്കുന്നത് പോലെ തന്നെ വ്യത്യസ്തമായ തട്ടിപ്പുകളും രംഗപ്രവേശനം ചെയ്യുകയാണ്. OTP നമ്പര്‍ ആവശ്യപ്പെടാതെ തന്നെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്ന സ്ഥിതിയാണ് ഇപ്പോള്‍. മറ്റെന്തെങ്കിലും ആവശ്യത്തിന് നല്‍കുന്ന അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി എടുത്താണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. വിദേശത്തു നിന്നാണ് തട്ടിപ്പ് നടക്കുന്നത് എന്നതിനാല്‍, റിസര്‍വ് ബാങ്കിന്റെ (RBI) നിയന്ത്രണങ്ങള്‍ ബാധകമാവില്ല. പലര്‍ക്കും ഇപ്പോള്‍ ഇത്തരത്തില്‍ പണം നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരുവനന്തപുരത്ത് ഐടി കമ്പനി ജീവനക്കാരനായ വിഷ്ണുവിന് അക്കൗണ്ടില്‍ നിന്നും രണ്ടുതവണയായി നഷ്ടമായത് 25000 രൂപയാണ്. കാനഡ ഇമിഗ്രേഷന്‍ നടപടികളുടെ ഫീസിനത്തില്‍ പണം പിന്‍വലിക്കപ്പെട്ടു എന്നാണ് ബാങ്കില്‍ നിന്നും ലഭിച്ച സന്ദേശം.

ഇത്തരം ഇടപാടുകള്‍ ഒന്നും നടത്താത്തതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി വിദേശത്തു നിന്നാണ് തട്ടിപ്പ് നടത്തിയത് എന്ന് മനസ്സിലായി. ഒടിപി നമ്പര്‍ ആവശ്യപ്പെടാതെ എങ്ങനെ പണം പിന്‍വലിക്കപ്പെട്ടു എന്ന ചോദ്യത്തിന് ബാങ്ക് അധികൃതരും കൈമലര്‍ത്തുകയാണ്. പഠനാവശ്യത്തിനായി, വിദേശത്തുള്ള ഒരു വെബ്‌സൈറ്റില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതുവഴി തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി എടുത്തുവെന്നാണ് കരുതുന്നത്. പുതിയകാല ബാങ്കിംഗ് സേവനങ്ങളില്‍ പ്രധാനപ്പെട്ടതാണ് അന്താരാഷ്ട്ര ഇടപാട് സൗകര്യം. മിക്ക ബാങ്കുകളും തങ്ങളുടെ ഓഫറായി ഇത് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നു. വിദേശത്തും മറ്റും പോകുമ്പോള്‍ ഇന്ത്യയിലെ അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഈ നേട്ടം. എന്നാല്‍ എന്നാല്‍ ഇത് പഴുതാക്കിയാണ് വിദേശത്തുനിന്നും തട്ടിപ്പ് നടക്കുന്നത്.

വണ്‍ ടൈം പാസ്സ്വേര്‍ഡ് അഥവാ ഒ ടി പി നമ്പര്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നത് ഇരട്ട സുരക്ഷയാണ്. എടിഎം കാര്‍ഡ് മോഷണം പോയാലും, അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയില്ല. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നാലും ഒ ടി പി നമ്പര്‍ നല്‍കിയാലേ ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധ്യമാകൂ. ഈ ഇരട്ട സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയ തട്ടിപ്പ്. അന്താരാഷ്ട്ര ഇടപാടു സൗകര്യമുള്ള അക്കൗണ്ടുകളില്‍ നിന്നും ഒ ടി പി നമ്പര്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ കഴിയും എന്ന് അര്‍ത്ഥം. അന്താരാഷ്ട്ര ഇടപാട് ആവശ്യമുള്ളവര്‍ മാത്രമേ , ഈ സൗകര്യം ഉപയോഗപ്പെടുത്താവൂ. സാധാരണ ഇടപാട് മാത്രം നടത്തുന്നവര്‍, ബാങ്കുകളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഇടപാട് സൗകര്യം നിര്‍ത്തലാക്കണം. ബാങ്കുകളുടെ വെബ്‌സൈറ്റില്‍ കയറി ഉപഭോക്താവിന് തന്നെ ഇത് ചെയ്യാവുന്നതാണ്.
പണം നഷ്ടമായി എന്ന് അറിഞ്ഞാല്‍ അടിയന്തരമായി ബാങ്കുമായി ബന്ധപ്പെടണം. ബാങ്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സൈബര്‍ നിയമ പ്രകാരമുള്ള എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരം നടപടിക്രമങ്ങള്‍ പാലിച്ചതു മൂലം തിരുവനന്തപുരത്ത് പണം നഷ്ടമായ യുവാവിന്, പതിനായിരം രൂപയോളം തിരികെ കിട്ടിയിരുന്നു.