ട്രെയിന്‍യാത്രികന് മര്‍ദനം: എഎസ്ഐഎ സസ്പെന്‍ഡ് ചെയ്തു
ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എഎസ്ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ ടിക്കറ്റ് കൈയിലില്ലെന്ന് ആരോപിച്ച് യാത്രക്കാരനെ പൊലീസ് നിലത്ത് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്. ട്രെയിനില്‍ പൊലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയ്ക്കെത്തിയ പൊലീസുകാര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം.
എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ പ്രകോപനമൊന്നുമില്ലാതെ മര്‍ദിച്ചത്. യാത്രക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി വരുന്നത്. ട്രെയിനിലെ ക്രൂരമായ മര്‍ദനത്തിനു പുറമെ തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരനെ വലിച്ചിറക്കി പുറത്തിട്ടുവെന്നും പരാതിയുണ്ട്. എന്നാല്‍, ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് എഎസ്ഐ പ്രമോദ് പ്രതികരിച്ചത്.