കുഴിയില്ലാത്ത റോഡില്‍ റീടാറിംഗ് ; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

നാട്ടിലെ റോഡുകള്‍ മിക്കതും ഇടിഞ്ഞു പൊളിഞ്ഞു കുഴികളായി കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പല പല ന്യായങ്ങള്‍ നിരത്തി ഉദ്യോഗസ്ഥര്‍ അവ നന്നാകുന്നത് നീട്ടി കൊണ്ട് പോവുകയാണ്. അതിനിടയിലാണ് കുഴിയില്ലാത്ത റോഡില്‍ റീടാറിംഗ് നടത്തി പൊതുമരാമത്ത് തങ്ങളുടെ കാര്യക്ഷമത വെളിവാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കുന്ദമംഗലത്തേക്കുള്ള റോഡില്‍ ഒഴുക്കരയിലാണ് സംഭവം നടന്നത്. പിഡബ്ല്യുഡി ആത്മാര്‍ഥത കണ്ട നാട്ടുകാര്‍ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ റീടാറിംഗ് തടയുകയും മന്ത്രി സ്ഥലത്തെത്തുകയുമായിരുന്നു. മന്ത്രി എത്തുന്നതിനു മുന്‍പ് തന്നെ കരാറുകാരന്‍ അവിടെയുണ്ടായിരുന്ന മെറ്റലും മറ്റും നീക്കിയിരുന്നു. റോഡില്‍ വിള്ളലുണ്ടായിരുന്നതുകൊണ്ടാണ് റീടാറിംഗ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയറോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് ഇദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഒരു കേടുപാടുമില്ലാത്ത റോഡില്‍ റീടാര്‍ ചെയ്ത് കരാറുകാരന് ഫണ്ട് തട്ടാന്‍ അവസരം നല്‍കി എന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. പിഡബ്ല്യുഡി കോഴിക്കോട് കുന്ദമംഗലം സെക്ഷന്‍ എഞ്ചിനീയര്‍ ജി ബിജു, ഓവര്‍സിയര്‍ പികെ ധന്യ എന്നിവരെ സസ്പന്‍ഡ് ചെയ്തു. എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.