മുസ്‌ളീം സ്ത്രീകളെ വില്പനയ്ക്ക് വെച്ച ബുള്ളി ബായ് ആപ്പിന് പിന്നില്‍ ഒരു 18കാരി

പുതു തലമുറയുടെ ഉള്ളില്‍ എത്ര മാത്രം വര്‍ഗീയ വിഷമാണ് നിറഞ്ഞു നില്‍ക്കുന്നത് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടന്ന ബുള്ളി ബായ് സംഭവം. കേസ് അന്വേഷിച്ചു പോയ പോലീസ് മുഖ്യ പ്രതിയെ കണ്ടു ഞെട്ടി എന്നതാണ് സത്യം. മുസ്ലിം വനിതകളെ ‘വില്‍പനയ്ക്ക് വച്ച’ ബുള്ളി ബായ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അറസ്റ്റിലായത് ഒരു 18കാരി. കേസിലെ മുഖ്യപ്രതിയാണ് ഇവരെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്വേത സിങ് എന്നാണ് ഇവരുടെ പേര്. രുദ്രപൂര്‍ പൊലീസ് സ്റ്റേഷനില്‍ ട്രാന്‍സിറ്റ് റിമാന്‍ഡിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ബുള്ളി ബായ് വിവാദവുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിശാല്‍ ഝാ എന്ന വിദ്യാര്‍ഥിയെ ബെംഗളൂരുവില്‍ വച്ചാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷത്തില്‍ ജനുവരി ഒന്നിനാണ് ‘ബുള്ളി ബായ്’ എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്ലിം വനിതകളെ വില്‍പനക്ക് വെച്ച സംഭവം വിവാദമായത്. വിഖ്യാത നര്‍ത്തകിയും നടിയുമായ ശബാന ആസ്മി, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തുവന്ന ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് ‘ബുള്ളി ബായ്’. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘സുള്ളി’. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗംവെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് ‘ബുള്ളി ബായ്’. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്.