കേരളത്തില്‍ വരും ദിവസങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യത എന്ന് രഹസ്യാന്വേഷണ വിഭാഗം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ആര്‍എസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളില്‍ ജാഗ്ര പാലിക്കണമെന്നാണ് ഇന്റലിജന്‍സ് നിര്‍ദേശം. ഇരുപാര്‍ട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് നിര്‍ദേശമുണ്ട്. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാളെ മുതല്‍ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നല്‍ സംഘര്‍ഷ സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനായുള്ള ആലോചനകളും, കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. സംസ്ഥാനത്ത് ഉടനീളം രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കര്‍ശന പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഘ്പരിവാര്‍ നാളെ നടത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെയും ജാഥ കടന്ന് പോകാന്‍ സാധ്യതയുണ്ട്. ജില്ലയിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലേയും പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ജാഥ കടന്നു പോകുന്ന സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിക്കുകയും സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത പാലിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്.