സി.പി.ഐയുടെ ‘കോണ്‍ഗ്രസ് ലൈന്‍’ ഷോക്കേറ്റ് സി.പി.എം
കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തിയെക്കുറിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരസ്യമായ അഭിപ്രായപ്രകടനം ഇടത് മുന്നണിയില്‍ ചേരിപ്പോരിനു തുടക്കമാകുമോ. വാഗ്വാദവും പരസ്യപ്രതികരണവുമായി സിപിഎം-സിപിഐ നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ സംഭവം രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചയായി. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയിലുളള ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന അതിവേഗം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ചര്‍ച്ചയായതോടെ പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. പിന്നാലെ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ലെന്ന് തുറന്നടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി കൂടി എത്തിയതോടെ കളം മുറുകി.
ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല ലൈനിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ കോടിയേരി ദേശാഭിമാനിയിലൂടെ തിരിച്ചടിച്ചു. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു കോടിയേരി ദേശാഭിമാനിയില്‍ എഴുതിയത്. അതുപോലെ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. സിപിഐയുടെ കോണ്‍ഗ്രസ് അനൂകൂല നിലപാട് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ പരസ്യമായി കാനം രാജേന്ദ്രന്‍ തള്ളുകയാണ് ഉണ്ടായത്.
ദേശീയ തലത്തിലെ കോണ്‍ഗ്രസിനോടുള്ള നിലപാട് കേരളത്തില്‍ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണക്കുമ്പോഴും 2004 ല്‍ കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയെ നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോണ്‍ഗ്രസിനെ അതില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. രാഹുല്‍ ഗാന്ധിയല്ലാതെ പ്രതിപക്ഷകൂട്ടായ്മയെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്നും കാനം ചോദിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമാകില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിന് ഗുണകരമാകുകയേ ഉള്ളു എന്നും കോടിയേരി തുറന്നടിച്ചതോടെയാണ് വീണ്ടും കാനം പ്രതികരിച്ചത്.