ട്രെയിനില്‍ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു , പീഡനക്കേസ് പ്രതിയെന്ന് പൊലീസ്
ട്രെയിനില്‍ പ്രശ്‌നം ഉണ്ടാക്കി എന്ന പേരില്‍ പൊലീസ് മര്‍ദ്ദിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ എന്ന് വിളിക്കുന്ന ഷമീറിനാണ് പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റതെന്ന് സ്ഥിരീകരിച്ചു. സ്ത്രീപീഡനക്കേസിലെ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ കൂത്തുപറമ്പ് സ്റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ സ്ത്രീകള്‍ക്ക് നേരെ മോശമായി പെരുമാറിയപ്പോഴാണ് ഇടപെട്ടതെന്നാണ് ഇന്നലെ ഇക്കാര്യത്തില്‍ പൊലീസ് നല്‍കിയ വിശദീകരണം.
യാത്രക്കാരനെ ബൂട്ടുകൊണ്ട് നെഞ്ചില്‍ ചവിട്ടിയ സംഭവത്തില്‍ തിങ്കളാഴ്ച എഎസ്‌ഐ എം സി പ്രമോദിനെ പൊലീസ് സേനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മിനിഞ്ഞാന്ന് രാത്രി മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്‌ഐ മര്‍ദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ കാലുകള്‍ കാണുന്ന തരത്തില്‍ മുണ്ട് മാറ്റി പേഴ്‌സില്‍ നിന്ന് ഒരു പേപ്പറെടുത്ത് തങ്ങള്‍ക്ക് നേരെ കാണിക്കുന്നത് കണ്ട് ഭയപ്പെട്ടെന്നും അപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും ഒരു യാത്രക്കാരി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ മാവേലി എക്‌സ്പ്രസ് തലശ്ശേരി സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം S2 കമ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു. ട്രെയിനിനകത്തെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കേരളാ റെയില്‍വേ പൊലീസ് സേനയിലെ അംഗമായ ഈ ഉദ്യോഗസ്ഥന്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇയാള്‍ക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി കോച്ചിന്റെ മൂലയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മര്‍ദ്ദനത്തില്‍ നിലത്ത് വീണുപോയ ആളെ എഎസ്‌ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. യാത്രക്കാര്‍ തടഞ്ഞിട്ടും പൊലീസ് മര്‍ദ്ദനം തുടര്‍ന്നുവെന്നാണ് ദൃക്‌സാക്ഷിയായ ഒരു യാത്രക്കാരന്‍ പറഞ്ഞത്. എന്നാല്‍ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസുകാരന്‍ വ്യക്തമാക്കുന്നത്. യാത്രക്കാരന്‍ ആരെന്ന് തിരക്കാതെയും പൊലീസ് സ്റ്റേഷനില്‍ വിവരം അറിയക്കാതെയുമായിരുന്നു ഈ മര്‍ദ്ദനം.
പിന്നീട് വടകര റെയില്‍വേ സ്റ്റേഷനിലെ പോര്‍ച്ചില്‍ ഇയാളെ ബലമായി ഇറക്കി വിട്ടശേഷം ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ തിരികെ കയറി. എഎസ്‌ഐ മര്‍ദ്ദിക്കുമ്പോള്‍ ടിടിഇ കുഞ്ഞുമുഹമ്മദും തൊട്ടടുത്തുണ്ടായിരുന്നു. തങ്ങളുടെ അടുത്തിരുന്ന ഈ യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു എന്നും തങ്ങള്‍ ഭയപ്പെട്ടിരിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്നുമാണ് യാത്രക്കാരിയുടെ മൊഴി. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായത് ഷമീറെന്ന യുവാവാണെന്ന് വ്യക്തമായത്. ഇയാള്‍ക്കായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാളിപ്പോഴും ഒളിവിലായ സ്ഥിതിക്ക് അന്വേഷണം തുടരുമെന്നും, ഇയാളെ കണ്ടെത്തിയ ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നും പൊലീസും വ്യക്തമാക്കുന്നു.