സര്‍ക്കാരിന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ കൈക്കൂലി വരുമാനം ; സംഭവം അഴിമതി രഹിത’ വാളയാറില്‍
അഴിമതി രഹിത വാളയാര്‍ എന്നൊക്കെ കൊട്ടിഘോഷിച്ചു നടപ്പാക്കിയത് ഒക്കെ പേപ്പറില്‍ ഒതുങ്ങി എന്നതാണ് സത്യം. കൈക്കൂലിക്ക് കുപ്രസിദ്ധി നേടിയ വാളയാറില്‍ സംഭവങ്ങള്‍ ഇപ്പോഴും പഴയതു പോലെ തന്നെ അല്ലെങ്കില്‍ അതിലും ഭീകരം എന്ന് വേണമെങ്കില്‍ പറയാം. അതിന്റെ തെളിവാണ് സര്‍ക്കാരിന് കിട്ടേണ്ട പണത്തേക്കാള്‍ കൂടുതല്‍ കൈക്കൂലിയായി വാളയാര്‍ RTO ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പിരിച്ചു എടുത്തത്. 14 മണിക്കൂര്‍ കൊണ്ട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും സര്‍ക്കാരിന് കിട്ടിയത് 69350 രൂപ ആണെങ്കില്‍ ആറ് മണിക്കൂര്‍ കൊണ്ട് 67000 രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പിരിച്ചെടുത്തത്.
വാളയാര്‍ ആര്‍ ടി ഒ ചെക് പോസ്റ്റില്‍ വിജിലന്‍സ് ഡിവൈഎസ് പി ഷംസുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിയിലാണ് 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രി രണ്ടു മണിയ്ക്കായിരുന്നു പരിശോധന. ഇരുപതിനായിരം രൂപയുടെ കെട്ടുകളാക്കിയാണ് കൈക്കൂലിയായി പിരിച്ചെടുത്ത പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ബിനോയി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ്, അനീഷ്, പ്രവീണ്‍, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യും. ഇന്നലെ രാത്രി എട്ടുമണിക്ക് ഡ്യൂട്ടിയ്ക്ക് കയറിയവരാണ് 6 മണിക്കൂര്‍ കൊണ്ട് 67,000 രൂപ കൈക്കൂലിയായി പിരിച്ചെടുത്തത്.എന്നാല്‍ ഇന്നലെ പകല്‍ 10 മുതല്‍ രാത്രി 12 വരെയുള്ള 14 മണിക്കൂറില്‍ സര്‍ക്കാരിന് ലഭിച്ച വരുമാനം 69, 350 രൂപ മാത്രണെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.