തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ പാത. നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സര്‍വേ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബര്‍ തോട്ടങ്ങളും വയലുകളും ഉള്‍പ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.

തിരുവനന്തപുരത്ത് നിലവിലെ ചെങ്കോട്ട പാതയുടെ തുടക്കത്തില്‍നിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂര്‍, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂര്‍ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയില്‍ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്.പുതിയ പാതയുടെ പ്രാഥമിക സര്‍വേ നടത്താന്‍ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. സര്‍വേ ആരംഭിച്ചത് തിടനാട്ടിലാണ്. പുനലൂര്‍, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങള്‍ ഒഴിവാക്കിയാണ് പാതയുടെ അലൈന്‍മെന്റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.