പോലീസ് തള്ളല്‍ തുടരുന്നു ; തലസ്ഥാനത്തു ഗുണ്ടകള്‍ വിലസുന്നു

സോഷ്യല്‍ മീഡിയയില്‍ തള്ളി മറിയ്ക്കാന്‍ മാത്രമായി ഒരുങ്ങുകയാണോ കേരളാ പോലീസ്. ഒരു വശത്ത് പോലീസ് ഗുണ്ടകളെ ഒതുക്കാന്‍ വലിയ ഓപ്പറേഷനുകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അപ്പുറത്ത് ഗുണ്ടകള്‍ അഴിഞ്ഞാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പള്ളിപ്പുറത്ത് ആണ് പിടികിട്ടാപുള്ളിയുടെ നേതൃത്വത്തില്‍ ഗുണ്ടാ വിളയാട്ടം നടന്നത്. നാലു പേരടങ്ങുന്ന സംഘം നിരവധി വീടുകളില്‍ കയറി ഭീഷണി മുഴക്കി. പള്ളിപ്പുറം സ്വദേശി ഷാനു എന്നു വിളിക്കുന്ന ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.മംഗലപുരം സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയാണ് ഷാനു. സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേല്‍പിച്ച് നൂറ് പവനോളം കവരുകയായിരുന്നു.

മംഗലപുരം ദേശീയപാതയില്‍ പള്ളിപ്പുറത്ത് ടെക്‌നോ സിറ്റിക്ക് സമീപം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം. ഈ കേസില്‍ പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും വീണ്ടും ആക്രമണം നടത്തിയത്. മൊബൈല്‍ കടയില്‍ കയറി തൊഴിലാളിയെ കുത്തിയ കേസിലും ഷാനുവിനെ പൊലീസ് തിരയുന്നുണ്ട്. സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം തടയുന്നതിന് പൊലീസ് വകുപ്പിനു കീഴില്‍ ഓപ്പറേഷന്‍ കാവല്‍ എന്ന പേരില്‍ ആരംഭിച്ച പദ്ധതിയും ഫലവത്താകുന്നില്ല എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ദിനം പ്രതി ഉണ്ടാകുന്നത് തടയാന്‍ പൊലീസിന് കഴിയുന്നില്ല. അതേസമയം ഭരണ മുന്നണിയില്‍ ഉള്ള പിടിപാട് ആണ് ഗുണ്ടകള്‍ക്ക് സഹായകമാകുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.