കോട്ടയത്ത് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതി പിടിയില്‍
കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡില്‍നിന്ന് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയില്‍. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി ഒരു മണിക്കൂറിനകമാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടല്‍ മുറിയില്‍നിന്ന് സ്ത്രീ പിടിയിലായത്. കുഞ്ഞിനെ ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തി. നഴ്‌സിങ് അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്.ഇടുക്കി വണ്ടിപ്പരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാന്‍ ശ്രമം നടന്നത്. കുട്ടിയെ കൊണ്ടുപോയ കളമശ്ശേരി സ്വദേശി നീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയുമുണ്ട്.
വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവം ഉണ്ടായത്. കുഞ്ഞിന് മഞ്ഞ നിറം കൂടുതലാണെന്നും തീവ്രപരിചരണവിഭാഗത്തില്‍ കാണിക്കണമെന്നും പറഞ്ഞാണ് കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയത്. നഴ്സിന്റെ വേഷത്തിലാണ് ഇവര്‍ എത്തിയതെന്നും കുഞ്ഞിന്റെ അമ്മയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പറഞ്ഞു. ഏറെ നേരമായിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാത്തതിനെ തുടര്‍ന്ന് നഴ്‌സുമാരുടെ മുറിയിലെത്തി അന്വേഷിച്ചു. അപ്പോള്‍ കുഞ്ഞിനെ വാങ്ങാന്‍ അവിടെനിന്ന് ആരും വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളമുണ്ടാക്കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെയും കടത്തിക്കൊണ്ടുപോയ സ്ത്രീയെയും ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരുമണിക്കൂറിനുള്ളില്‍ കുഞ്ഞിനെയും സ്ത്രീയെയും കണ്ടെത്താന്‍ സഹായകരമായതെന്ന് പൊലീസ് പറയുന്നു.