നിറം മാറുന്ന കാര്‍ ; പുതിയ സാങ്കേതികവിദ്യയുമായി BMW

ജെയിംസ് ബോണ്ട് സിനിമകളില്‍ ഉള്ളത് പോലെ ഉള്ള നൂതന സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കാറിന്റെ നിറം മാറും. ഡ്രൈവറുടെ നിയന്ത്രണത്തിന് അനുസൃതമായി ഡിജിറ്റൈസേഷനിലൂടെ വാഹനത്തിന്റെ പുറം ഭാഗത്തെ നിറം മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ഇ-ഇങ്ക് (E ink) സംവിധാനം ഫീച്ചര്‍ ചെയ്യുന്ന ബിഎംഡബ്ല്യു iX ഫ്ളോയില്‍ (BMW iX Flow) പ്രത്യേകം വികസിപ്പിച്ചെടുത്ത ബോഡി റാപ്പ് പ്രയോജനപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുക. വൈദ്യുത സിഗ്നലുകളാല്‍ ഉത്തേജിക്കപ്പെടുമ്പോള്‍ ഇലക്ട്രോഫോറെറ്റിക് ടെക്നോളജി (Electrophoretic Technology) കാറിന്റെ ഉപരിതലത്തിലേക്ക് വ്യത്യസ്ത വര്‍ണ്ണ കൂട്ടുകള്‍ കൊണ്ടുവരുന്നു. അതുവഴി വാഹനത്തിന്റെ പുറം ഭാഗത്തിന് നമുക്കിഷ്ടമുള്ള നിറം ലഭിക്കുകയും ചെയ്യുന്നു.

ബിഎംഡബ്ല്യു ഗ്രൂപ്പാണ് നിലവില്‍ ഇ-ഇങ്ക് സാങ്കേതിക വിദ്യയുടെ വികസനത്തിന് നേതൃത്വം നല്‍കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ സവിശേഷമായ വ്യക്തിഗത അനുഭവമാണ് കാര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വാഹനത്തിന്റെ എയര്‍ കണ്ടീഷണറില്‍ നിന്ന് വരുന്ന തണുപ്പിന്റെയും ചൂടിന്റെയും അളവ് നിയന്ത്രിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ബിഎംഡബ്ല്യു വിശദീകരിക്കുന്നു. ഇത് വാഹനത്തിലെ വൈദ്യുത സംവിധാനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ അളവും അതോടൊപ്പം വാഹനത്തിന്റെ ഇന്ധന / വൈദ്യുതി ഉപഭോഗവും കുറയ്ക്കുന്നു. ഇലക്ട്രിക് കാറില്‍ കാലാവസ്ഥയ്ക്ക് അനുസൃതമായി നിറം മാറ്റുന്നത് ദൂരപരിധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഡിസ്പ്ലേകളോ പ്രൊജക്ടറുകളോ പോലെയല്ല ഇത്. ഇലക്ട്രോഫോറെറ്റിക് സാങ്കേതികവിദ്യയ്ക്ക് തിരഞ്ഞെടുത്ത നിറം സ്ഥിരമായി നിലനിര്‍ത്താന്‍ ഊര്‍ജ്ജം ആവശ്യമില്ല. ഇ-ഇങ്ക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇലക്ട്രോഫോറെറ്റിക് കളറിംഗ്. ഇ-ഇങ്ക് ഫീച്ചര്‍ ചെയ്യുന്ന ബിഎംഡബ്ല്യു iX ഫ്‌ലോയുടെ ഉപരിതല കോട്ടിംഗില്‍ ദശലക്ഷക്കണക്കിന് മൈക്രോക്യാപ്‌സ്യൂളുകള്‍ അടങ്ങിയിരിക്കുന്നു. ഈ മൈക്രോക്യാപ്‌സ്യൂളുകളില്‍ ഓരോന്നിലും നെഗറ്റീവ് ചാര്‍ജുള്ള വെളുത്ത വര്‍ണ്ണ കൂട്ടുകളും പോസിറ്റീവ് ചാര്‍ജുള്ള കറുത്ത വര്‍ണ്ണക്കൂട്ടുകളും അടങ്ങിയിരിക്കുന്നു.