കെ റെയിലിനു പിന്നില്‍ ഹിഡന്‍ അജണ്ട ; പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് പിടിവാശി : ഇ ശ്രീധരന്‍
കെ- റെയിലിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി ആണെന്നും പദ്ധതിക്ക് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കെ.റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്ന് കരുതുന്നില്ലെന്നും ഇ ശ്രീധരന്‍ പൊന്നാനിയില്‍ പറഞ്ഞു. കെ.റെയിലില്‍ മുഖ്യമന്ത്രിയുടേത് വെല്ലുവിളി അല്ല പിടിവാശി ആണെന്നാണ് ഇ ശ്രീധരന്‍ അഭിപ്രായപ്പെടുന്നത്. ബ്യൂറോക്രസി പരാജയമാണ്. ഉദ്യോഗസ്ഥര്‍ വേണ്ട വിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഇതേ നിലപാട് തുടരുക ആണെങ്കില്‍ മുഖ്യമന്ത്രി ഒറ്റപ്പെടുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
‘തലശ്ശേരി മൈസൂര്‍ പാതയ്ക്ക് അനുകൂലമായി നില്‍ക്കാത്തതിനാല്‍ അന്ന് മുതല്‍ തന്നെ പിണറായി വിജയന് തന്നോട് വിരോധം ഉണ്ട്.പാലാരിവട്ടം പാലം നിര്‍മാണത്തിന് വേണ്ടി മാത്രമാണ് തന്നെ സമീപിച്ചത്. അതും വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട്.മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഒരു മുഖാമുഖ ചര്‍ച്ചയ്ക്ക് തയ്യാറുമാണ് ‘ കെ റെയില്‍ നിലവിലെ രീതിയില്‍ പ്രായോഗികം അല്ലെന്ന് ശ്രീധരന്‍ വിശദമാക്കുന്നു.’പദ്ധതിയുടെ ആകെ ദൂരം 530 കിലോമീറ്റര്‍, അതില്‍ 393 കിലോമീറ്റര്‍ നിലത്ത് കൂടെ തന്നെ ആണ്… അത് കൊണ്ട് തന്നെ മതില്‍ കെട്ടേണ്ടി വരും… 8 അടി ഉയരത്തില്‍.ഈ നിര്‍മാണം അത് വഴിയുള്ള ജലമൊഴുക്ക് തടസ്സപ്പെടുത്തും. നിലത്ത് കൂടി ഇത്തരത്തില്‍ ഒരു അതിവേഗ പാത പാടില്ല. ഒന്നുകില്‍ അത് ഉയരത്തില്‍, തൂണുകളില്‍ നിര്‍മിക്കുന്ന പാത ആകണം. ദേശീയ പാത വികസനം പോലെ നടപ്പാക്കാന്‍ പറ്റുന്നത് അല്ല അതിവേഗ റെയില്‍ പാത’.
പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തു വിടാത്തത് ദുരൂഹതയാണ്. ചെലവ് കുറച്ചു കാണിക്കാനാണ് ശ്രമമെന്നും പദ്ധതി ചെലവില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ മുഖ്യമന്ത്രിക്ക് ഹിഡന്‍ അജണ്ടയുണ്ട്’ പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും, കെ. റയിലിന് കേന്ദ്രം – അനുമതി നല്‍കുമെന്ന് കരുതുന്നില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.കേന്ദ്രാനുമതി ഇല്ലാതെ ഇത്രയും വലിയ ഒരു പദ്ധതി അതും റെയില്‍വേ പദ്ധതി നടപ്പാക്കുക പ്രായോഗികം അല്ല. വിദേശ ഫണ്ട് ലഭിക്കാതെ പദ്ധതി നടപ്പാകില്ല. പക്ഷേ ഇത്രയും എതിര്‍പ്പ് ഉയരുന്ന ഒരു പദ്ധതിക്ക് വിദേശ ഫണ്ട് ലഭിക്കുമോ എന്ന് പറയാനാകില്ല. ‘ പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്ര റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.