മോദി മടങ്ങിയത് റാലി പൊളിഞ്ഞത് കൊണ്ടോ ?
കഴിഞ്ഞ ദിവസം പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയ നരേന്ദ്ര മോദി കര്‍ഷകര്‍ വഴി തടഞ്ഞു എന്ന പേരില്‍ തിരികെ പോയിരുന്നു. കനത്ത സുരക്ഷാ വീഴ്ചയാണ് ഇതെന്ന പേരില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.എന്നാല്‍ സുരക്ഷാവീഴ്ച അല്ല മോദി മടങ്ങാന്‍ കാരണം എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് 5,000ത്തോളം പേര്‍ മാത്രം. അഞ്ചുലക്ഷ പേര്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ട പരിപാടിയിലാണ് വളരെ കുറഞ്ഞ ജനപങ്കാളിത്തമുണ്ടായതെന്ന് ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലി മാറ്റിവച്ചത് സുരക്ഷാവീഴ്ച കാരണമല്ലെന്നും ആളുകുറഞ്ഞതുമൂലമാണെന്നും നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത്ത് സിങ് ഛന്നി പ്രതികരിച്ചിരുന്നു.
റാലിക്കായി ആളെയെത്തിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 3,200 ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് നേരത്തെ ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ടിരുന്നത്. 60ഓളം ബസുകള്‍ ബുക്ക് ചെയ്ത മണ്ഡലം കമ്മിറ്റികള്‍ വരെയുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, റാലിക്കുള്ള വേദി ഒരുക്കുമ്പോള്‍ 500 ബസിന് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയിരുന്നത്. എന്നാല്‍, റാലി പ്രഖ്യാപിച്ചതു തൊട്ടുതന്നെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പരിപാടിക്കെതിരെ വലിയ പ്രചാരണം നടന്നിരുന്നു. ഗ്രാമങ്ങളിലെ ഗുരുദ്വാരകളിലടക്കം റാലിയില്‍ പങ്കെടുക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു ബുധനാഴ്ച റാലിക്കു തൊട്ടുമുന്‍പ് കണ്ടത്.
രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറപ്പെട്ട ബസുകളെല്ലാം കാലിയായിരുന്നു. റാലി നടക്കുന്ന വേദിയിലെത്തിയത് പതിനായിരത്തില്‍ താഴെ പേരും. ആളില്ലാത്ത കാര്യം ബിജെപി സംസ്ഥാന ഘടവും സമ്മതിച്ചിട്ടുണ്ട്. റാലിക്കായി പുറപ്പെട്ട ബസുകള്‍ പലയിടത്തും തടഞ്ഞെന്നായിരുന്നു ഇതിനു ന്യായീകരണമായി നേതൃത്വം പറഞ്ഞത്. പലയിടങ്ങളിലും ബസ് തടഞ്ഞ സംഭവങ്ങളുണ്ടായെങ്കിലും നേരത്തെ അവകാശപ്പെട്ട 3,000ത്തിന്റെ കാല്‍ശതമാനം പോലും ബസുകള്‍ പുറപ്പെട്ടിരുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വേദിയില്‍ 65,000 കസേരകളാണ് ഒരുക്കിയിരുന്നത്. എന്നാല്‍, 5,000 സീറ്റുകളില്‍ മാത്രമാണ് ആളുണ്ടായിരുന്നത്. റാലി പൊളിഞ്ഞതോടെ പാര്‍ട്ടിയില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന നേതാക്കള്‍ വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജിവാന്‍ ഗുപ്തയെ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബില്‍ ഏറെ കൊട്ടിഘോഷിച്ചാണ് പ്രധാനമന്ത്രി മോദിയുടെ റാലി പ്രഖ്യാപിച്ചത്. ഫിറോസ്പൂരില്‍ ഇന്നലെ വൈകീട്ടായിരുന്നു റാലി നിശ്ചയിച്ചിരുന്നത്.