കെ റെയില്‍ ; സര്‍വേ നടത്താതെ 2360 ഏക്കര്‍ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യവുമായി കോടതി

കെ-റെയില്‍ പദ്ധതിക്കായി സര്‍വേ നടത്താതെ 2360 ഏക്കര്‍ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യവുമായി കോടതി. പദ്ധതിക്ക് 955.13 ഹെക്ടര്‍ (2360 ഏക്കര്‍) സ്ഥലം ഏറ്റെടുക്കണമെന്ന് അറിയാമെങ്കില്‍ എന്തിനാണ് സര്‍വേ നടത്തുന്നതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ്, ബ്ലോക്ക് നമ്പര്‍, സര്‍വേ നമ്പര്‍, വില്ലേജ് തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമ പ്രകാരം സര്‍വേ നടക്കുകയാണെന്ന് പറയുമ്പോള്‍ ഈ വിവരങ്ങള്‍ എങ്ങനെയാണ് ഉള്‍പ്പെട്ടതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സില്‍വര്‍ ലൈന്‍  പദ്ധതിക്കായി ഏകപക്ഷീയമായും നിയമവിരുദ്ധമായും ഭൂമിയില്‍ പ്രവേശിച്ച് അതിര്‍ത്തികള്‍ അടയാളപ്പെടുത്തുന്നെന്നാരോപിച്ച് ഏറ്റുമാനൂര്‍ സ്വദേശി ബിനു സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിജ്ഞാപനം അനുസരിച്ചു സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള സര്‍വേ തുടരുകയാണെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 11 സ്‌പെഷല്‍ തഹസില്‍ദാര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസുകള്‍ സ്ഥാപിച്ച് 2021 ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ ഉത്തരവിട്ടതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 ന്റെ വ്യവസ്ഥകള്‍ പ്രകാരം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്നായി 1221 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2021 ഒക്ടോബര്‍ 30ന് സര്‍ക്കാര്‍ മറ്റൊരു ഉത്തരവും ഇറക്കി. ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. റെയില്‍വേ നിയമം 1989 അനുസരിച്ച് ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കാതെ പദ്ധതിക്കായി ഭൂമിയില്‍ പ്രവേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതിക്കായി തയാറെടുപ്പും പ്രാഥമിക ജോലികളുമാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്തിമ അനുമതി ലഭിച്ചതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂയെന്നും അനുമതി ലഭിക്കുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്നും ചീഫ് സെക്രട്ടറി വി പി ജോയി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.