വീണ്ടും ജനദ്രോഹ നടപടികളുമായി കേന്ദ്രം ; ലക്ഷദ്വീപില്‍ നിരോധനാജ്ഞ
കോവിഡിന്റെ പേരില്‍ കടുത്ത നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ദ്വീപിലെവിടെയും ജുമുഅ നിസ്‌കാരം അനുവദിച്ചില്ല. ടിപിആര്‍ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികള്‍ കുറ്റപ്പെടുത്തി. ഒരു ഇടവേളയ്ക്കുശേഷമാണ് ദ്വീപില്‍ വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്നലെ മുതല്‍ ദ്വീപില്‍ പൂര്‍ണമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേരിലധികം പേര്‍ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവര്‍ത്തനം തുടരും.
പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്നതിന് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നില്ല. കവരത്തി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളില്‍ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് ആളുകളെത്തിയിരുന്നു. ഇവിടങ്ങളില്‍ പൊലീസെത്തി പള്ളികളടപ്പിച്ചു. പൊലീസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമുഅ നിസ്‌കാരം തടസപ്പെട്ടു. ഇതോടെ ജനങ്ങള്‍ പ്രതിഷേധിച്ചാണ് പിരിഞ്ഞുപോയത്. കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷം കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കഴിഞ്ഞ ദിവസം ദ്വീപ് ഭരണകൂടം കടന്നിരുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന 21ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതടക്കമുള്ള ഭരണകൂടനടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന ആക്ഷേപമാണ് ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്നത്. നിലവില്‍ ലക്ഷദ്വീപില്‍ കോവിഡ് പോസിറ്റീവായി നാല് ആക്ടീവ് കേസുകള്‍ മാത്രമാണുള്ളത്. ടിപിആര്‍ നിരക്ക് പൂജ്യവുമാണ്. ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരിക്കെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ അഡ്മിനിസ്ട്രേഷന്‍ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാനാണെന്ന പരാതിയാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പ്രതിഷേധ പരിപാടികള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യവുമുണ്ട്.