വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പര ; തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കും

സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ഇവിടെ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കും
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന, ട20 പരമ്പരകളുടെ വേദികള്‍ വെട്ടിക്കുറക്കുന്നകാര്യം ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തമാസമാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, തുടര്‍ന്നാണ് ബിസിസിഐ വേദികള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.

വേദികള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചാല്‍ അവസാന ടി20 മത്സരം നടക്കേണ്ട തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതും തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വേദികള്‍ വെട്ടിക്കുറക്കുന്നന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.വരും ദിവസങ്ങളില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയിരുത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന. എന്തായാലും കൂടുതല്‍ വേദികളിലേക്കുള്ള യാത്ര ഒഴിവാക്കാനായി പരമാവധി മൂന്ന് വേദികളില്‍ മത്സരം നടത്താനായാരിക്കും ബിസിസിഐ തീരുമാനിക്കുക.

ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം മൂന്ന് ദിവസം ഐസോലേഷനില്‍ കഴിഞ്ഞശേഷം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷനമാകും പരിശീലനത്തിന് ഇറങ്ങുക.
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.