മനുഷ്യ രൂപത്തില്‍ ഒരു ഗ്രാമം ; ഇറ്റലിയില്‍ നിന്ന് ഡ്രോണ്‍ പകര്‍ത്തിയ ചിത്രം വൈറല്‍

ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ടുരിപെ എന്ന ഈ നഗരത്തിന്റെ ആകാശ ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കാരണം മറ്റൊന്നുമല്ല. കൂറ്റന്‍ മനുഷ്യന്റെ രൂപത്തിലാണ് ഈ ഗ്രാമം. ഗ്രാമത്തിലെ താമസക്കാരനായ പയോ ആന്‍ഡ്രിയ പെറി സമീപകാലത്താണ് ഈ ചിത്രം പകര്‍ത്തിയത്. ഒറ്റ ചിത്രത്തില്‍ ഗ്രാമത്തിന്റെ പൂര്‍ണ ദൃശ്യം ലഭ്യമാകില്ലെന്നതിനാല്‍ പല ഭാഗങ്ങളായി തിരിച്ചാണ് ഈ ചിത്രമെടുക്കല്‍ പൂര്‍ത്തിയായത്. അഞ്ച് ഭാഗങ്ങളായി ഫോട്ടോകള്‍ ചേര്‍ത്ത് വച്ചപ്പോഴാണ് പയോ ആ കൗതുകകരമായ കാര്യം കണ്ടെത്തിയത്. ഇതുവരെ താന്‍ ജീവിച്ച ഗ്രാമത്തിന്റെ ആകാശ ദൃശ്യത്തിലെ രൂപം ഒരു മനുഷ്യന്റേതു പോലെയായിരുന്നു. സംയോജിപ്പിച്ച ഈ ചിത്രം ഇന്റര്‍നെറ്റിലെത്തിയപ്പോഴും പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇതുവരെ തങ്ങള്‍ ജീവിച്ച ഗ്രാമത്തിന് ഇങ്ങനെയൊരു രൂപമുണ്ടെന്നു കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികള്‍.

ഗൂഗിള്‍ എര്‍ത്തില്‍ തന്റെ നഗരത്തിന്റെ കാഴ്ച കണ്ടപ്പോള്‍ തോന്നിയ കൗതുകമാണ് ഈ ചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പയോ പറയുന്നു. സെന്‍ടുരിപെയില്‍ നിന്ന് 40 മൈലോളം ദൂരേക്ക് പോയ ശേഷം ഡ്രോണുകള്‍ ഉയരത്തില്‍ പറത്തിയപ്പോഴാണ് ഗ്രാമത്തിന്റെ ദൃശ്യം ഈ രീതിയില്‍ ചിത്രീകരിക്കാന്‍ സാധിച്ചതെന്ന് പയോ വിശദീകരിക്കുന്നു. ഇവിടെ നിന്ന് ദൃശ്യം പൂര്‍ണമായി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത് സാധിച്ചില്ല. ഇതോടെയാണ് പല ഭാഗങ്ങളായുള്ള ചിത്രമെടുക്കാന്‍ തീരുമാനിച്ചത്. ഡ്രോണിന് സുരക്ഷിതമായി പറക്കാന്‍ കഴിയുന്ന പരമാവധി ഉയരത്തില്‍ എത്തിച്ച ശേഷമാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്.ഗ്രാമത്തിന്റെ പകലും രാത്രിയിലുമുള്ള ചിത്രങ്ങള്‍ പയോ പകര്‍ത്തിയിരുന്നു.

രാത്രിയിലെ ചിത്രത്തില്‍ വെളിച്ചം കൂടിയാകുമ്പോള്‍ ഈ രൂപത്തിന് കൂടുതല്‍ വ്യക്തത വരുന്നതും കാണാം. ഇറ്റലിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളില്‍ ഒന്നാണ് സെന്‍ടുരിപെ. ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ചെറു നഗരത്തിലേക്ക് സെന്‍ടുരിപെ മാറിയിട്ട് അധികം കാലമായിട്ടില്ല. രാത്രിയിലെ ഫോട്ടോയില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തില്‍ കാണാനാകും. നഗരത്തിന് മനുഷ്യന്റെ രൂപമാണെങ്കില്‍ ഈ മതില്‍ മനുഷ്യന്റെ വായ കുടലുമായി ബന്ധിപ്പിക്കുന്ന അന്നനാളമാണെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. എന്തായാലും പായോയ്ക്ക് പിന്നാലെ തങ്ങളുടെ ഗ്രാമത്തിന്റെയും പട്ടണത്തിന്റെയും ആകാശ ദൃശ്യത്തില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന തിരച്ചിലില്‍ ആണ് കുറച്ചു പേര്‍.