കട്ട ഫാന്‍സിന് ബുദ്ധി കുറവായിരിക്കുമെന്ന് പഠനം

ഏറെക്കാലമായി സോഷ്യല്‍ മീഡിയയിലെ പലര്‍ക്കും ഉണ്ടായിരുന്ന വലിയ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചു. ഭ്രാന്തമായ ആരാധന വെച്ച് പുലര്‍ത്തുന്നവര്‍ക്ക് ബുദ്ധി കുറവായിരിക്കും എന്നത്. നീ ഇത്രയ്ക്ക് മണ്ടനാണോടാ എന്ന് ഒരു ഡൈ ഹാര്‍ഡ് ഫാന്‍സിനോട് ഒരിക്കല്‍ എങ്കിലും ചോദിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ അവരെ പറഞ്ഞിട്ട് കാര്യമില്ല കാരണം ആരാധന തലക്ക് പിടിച്ചവരാണ് നിങ്ങളെങ്കില്‍ ഇത്തരക്കാര്‍ക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തെയും അവരുടെ ദൈനംദിന കാര്യങ്ങളെയും അന്ധമായി പിന്തുടരുന്നവര്‍ക്ക് ബുദ്ധി കുറവായിരിക്കുമെന്നാണ് 2021 അവസാനം ബി.എം.സി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 1,763 ഹംഗേറിയന്‍ പൗരന്മാരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത്.

ഡിജിറ്റ് സിംബോളൈസേഷന്‍ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധനയുടെ ആഴമറിയാനുള്ള ചോദ്യാവലി, 30 വാക്കിന്റെ വൊക്കാബുലറി ടെസ്റ്റ് എന്നിവയാണ് ഇവരില്‍ നടത്തിയത്. സെലിബ്രിറ്റി ആറ്റിറ്റിയൂഡ് സ്‌കെയില്‍ ചോദ്യാവലിയിലൂടെ ഒരാളുടെ ആരാധന എത്രത്തോളമുണ്ട് എന്നതാണ് അളന്നത്. പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ വ്യക്തിപരമായ ശീലങ്ങള്‍ പഠിക്കാന്‍ ഞാന്‍ പലപ്പോഴും നിര്‍ബന്ധിതനാകാറുണ്ട്, എന്റെ പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ ജീവിതത്തിന്റെ വിശദാംശങ്ങളില്‍ ഞാന്‍ ശ്രദ്ധാലുവാണ്, അവരെ ഒന്നുനേരിട്ട് കാണാന്‍ ഞാന്‍ എന്തുവേണമെങ്കിലും ചെയ്യും തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. കൂടാതെ പഠനത്തില്‍ പങ്കെടുത്തവരുടെ വിദ്യാഭ്യാസ നിലവാരം, കുടുംബ വരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചിരുന്നു.

സെലിബ്രിറ്റികളോട് കൂടുതല്‍ ആരാധനയുള്ളവര്‍ ബുദ്ധിശക്തി വിലയിരുത്തുന്ന പരീക്ഷകളില്‍ താഴ്ന്ന പ്രകടനമാണ് കാണിച്ചത്. മറ്റുള്ളവര്‍ താരതമ്യേന ഉയര്‍ന്ന പ്രകടനവും കാഴ്ചവെക്കുകയും ചെയ്തു. താരാധാന മൂത്തവരുടെ തലച്ചോറില്‍ മറ്റ് കാര്യങ്ങളൊന്നും കാര്യമായി കയറില്ലെന്നും ചിന്തിക്കാനുള്ള കഴിവ് കുറയുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ സെലിബ്രിറ്റികളുടെ ജീവിതത്തെയും അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തെക്കുറിച്ചും ധാരണയുള്ളവര്‍ ഇത്തരം അന്ധമായ താരാരാധന കാണിക്കാറില്ലെന്നും അതുകൊണ്ടുതന്നെ അവരുടെ തലച്ചോര്‍ കൂടുതല്‍ കാര്യങ്ങളെകുറിച്ച് ബോധവാന്മാരായിരിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ഇവര്‍ക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് യഥാര്‍ഥ അറിവും ബോധവുമുണ്ടാകും.

എന്നാല്‍ താരാധാന അമിതമായവര്‍ മായാലോകത്തായിരിക്കും എപ്പോഴും ജീവിക്കുക. സംഭവിക്കുന്നതിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച് മനസിലാക്കാന്‍ അവര്‍ ശ്രമിക്കാറുമില്ല. അവരുടെ മുഴുവന്‍ ചിന്തയും സമയവുമെല്ലാം ആരാധനാമൂര്‍ത്തികള്‍ക്ക് വേണ്ടി പണയം വെക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ശാസ്ത്രീയമായി പറയാന്‍ ഗവേഷകര്‍ക്കായിട്ടില്ല. സെലിബ്രിറ്റി ആരാധന മാത്രമാണോ ഒരാളുടെ വൈജ്ഞാനിക കഴിവുകള്‍ കുറക്കുന്നതിന് കാരണം എന്നതിനെ കുറിച്ച് കൃത്യമായി പഠനം പറയുന്നില്ല. എല്ലാ സെലിബ്രിറ്റികളും മനുഷ്യരാണെന്ന കാര്യം മനസില്‍ വെച്ചുകൊണ്ട് മാത്രം ആരാധന നടത്തുന്നതാണ് നല്ലതെന്നും ഗവേഷകര്‍ ഉപദേശിക്കുന്നു.