കൊറോണ വ്യാപനം ; കേരളത്തില്‍ കൂടുതല്‍ നിയന്ത്രണമില്ല

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.സ്‌കൂളുകള്‍ അടയ്ക്കില്ല, വാരാന്ത്യ , രാത്രികാല കര്‍ഫ്യൂവും തത്ക്കാലം ഇല്ല. പൊതു സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.

വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങള്‍ സജമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കും. അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകള്‍ വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനം.അതേസമയം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍ നിര പോരാളികള്‍,60 കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണം. 15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്ച്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കും.കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.