പാലക്കാട് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; മകന്‍ ഒളിവില്‍
പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗറിലെ ചന്ദ്രന്‍ (65) , ഭാര്യ ദേവി( 55) എന്നിവരെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകന്‍ സനലിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയാണ് പുതുപ്പരിയാരം ഓട്ടൂര്‍ക്കാവില്‍ വൃദ്ധ ദമ്പതികളായ 65 കാരന്‍ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയും വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനകത്ത് നിന്ന് കീടനാശിനിയുടെ ബോട്ടില്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ മോഷണ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലായെന്നും പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളത്തുള്ള മകള്‍ സൗമിനി രാവിലെ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ഇന്നലെ ഇവരോടൊപ്പമുണ്ടായിരുന്ന മകന്‍ സനലിനെ രാവിലെ മുതല്‍ കാണാനില്ല. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മുംബൈയില്‍ ജ്വല്ലറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സനല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ നാളായി വീട്ടിലുണ്ട്. എന്നാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.