യു പിയില്‍ ബി ജെ പിയില്‍ നിന്നും നേതാക്കള്‍ കൊഴിയുന്നു ; ഇന്ന് പുറത്തു പോയത് മന്ത്രിയടക്കം അഞ്ചുപേര്‍
ഉത്തര്‍പ്രദേശില്‍ ബിജെപി ക്യാംപില്‍ പരിഭ്രാന്തി സൃഷ്ടിച്ച് പ്രമുഖ നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മന്ത്രിയും മൂന്ന് എംഎല്‍എമാരും കൂടുമാറിയതിനു പിന്നാലെ ഒരു നിയമസഭാ സാമാജികന്‍കൂടി പാര്‍ട്ടിവിട്ടു. ബിധുനയില്‍നിന്നുള്ള ജനപ്രതിനിധിയായ വിനയ് ശാഖ്യയാണ് ഒടുവില്‍ രാജിവച്ചത്. തൊഴില്‍മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ബിജെപി നേതൃത്വത്തില്‍ വന്‍ ഞെട്ടലുണ്ടാക്കി ആദ്യമായി രാജി പ്രഖ്യാപിച്ചത്. പിന്നാക്ക വിഭാഗക്കാരില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ബിജെപി വിട്ടതിനു പിറകെ അഖിലേഷ് യാദവില്‍നിന്ന് നേരിട്ട് സമാജ്വാദി പാര്‍ട്ടി(എസ്പി) അംഗത്വം സ്വീകരിക്കുകയും ചെയ്തു.
കൂടുതല്‍ എംഎല്‍എമാരും മന്ത്രിമാരും തനിക്കു പിന്നാലെ വരുമെന്ന് മൗര്യ വെളിപ്പെടുത്തിയിരുന്നു. ഇതിനു ഏതാനും മണിക്കൂറുകള്‍ക്കുശേഷമാണ് മൂന്ന് എംഎല്‍എമാര്‍ കൂടി രാജിവച്ചു പുറത്തുപോയത്. റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവരായിരുന്നു പാര്‍ട്ടിവിട്ട കാര്യം പ്രഖ്യാപിച്ചത്. ഇവരെല്ലാം എസ്പിയില്‍ ചേര്‍ന്നിട്ടുണ്ട്. യുപിയിലെ ഏറ്റവും സ്വാധീനമുള്ള ഒബിസി നേതാക്കളിലൊരാളാണ് സ്വാമി പ്രസാദ് മൗര്യ. 2016ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യില്‍നിന്ന് കൂടുമാറിയാണ് ബിജെപിയിലെത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഒബിസി വോട്ട് ബിജെപിയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്. എസ്പിയുടെ പിന്നാക്ക വോട്ട്ബാങ്ക് പിളര്‍ത്താനുള്ള പ്രധാന ചുമതലയും അദ്ദേഹത്തിനായിരുന്നു.
അടിത്തട്ടില്‍ മൗര്യയുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ക്കെല്ലാം വലിയൊരു അളവില്‍ ഫലവും കണ്ടു. ഇതിനെല്ലാം അംഗീകാരമായാണ് ഏറ്റവും സുപ്രധാനമായ തൊഴില്‍ വകുപ്പ് തന്നെ ബിജെപി മൗര്യയ്ക്ക് നല്‍കിയത്. എന്നാല്‍, പിന്നാക്ക വിഭാഗക്കാരോട് യോഗി സര്‍ക്കാര്‍ നീതി കാണിച്ചില്ലെന്നു പറഞ്ഞാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചത്. ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് കടുത്ത അവഗണനയും അടിച്ചമര്‍ത്തലും മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം ആരോപിക്കുന്നു. ‘തീര്‍ത്തും ഭിന്നമായ ആശയങ്ങളായിട്ടുകൂടി യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വളരെ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ എന്റെ ദൗത്യം നിര്‍വഹിച്ചിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്കും ദലിതുകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെ തുടരുന്ന അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് ഞാന്‍ രാജിവെക്കുകയാണ്’- രാജിക്കത്തില്‍ മൗര്യ പറയുന്നു.
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള മൗര്യയുടെ രാജി ബിജെപിക്ക് ശരിക്കുമൊരു അടിയാണെന്ന് നേതാക്കളുടെ പ്രതികരണത്തില്‍നിന്നു തന്നെ വ്യക്തമാണ്. യോഗി ആദിത്യനാഥ് പുതിയ നീക്കങ്ങളില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും രാജി പിന്‍വലിക്കണമെന്ന് ആവശ്യവുമായി ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകുമെന്നും പെട്ടെന്നുള്ള തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.