മരണ കാരണം ആഴത്തിലുള്ള മുറിവ്; ഹൃദയ അറകള്‍ തകര്‍ന്നു ; കൊലപാതകം ആസൂത്രിതമെന്ന് പറയാനാകില്ലെന്ന് പൊലീസ്
ഇടുക്കി : ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുത്തേറ്റ് ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നുവെന്നും പൊലീസ് കണ്ടെത്തല്‍. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റര്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തില്‍ മര്‍ദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രണ്ടുപേരെയും കുത്തിയത് നിഖില്‍ പൈലി തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. നിഖില്‍ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരെ പൊലീസ് തിരിച്ചറിഞ്ഞു. കത്തി കൈയില്‍ കരുതിയത് മറ്റൊരു കേസില്‍ ജീവന് ഭീഷണിയുള്ളതിനാലെന്നാണ് നിഖില്‍ പോലീസിനോട് പറഞ്ഞത്.
പുറത്ത് നിന്നെത്തിയവര്‍ കോളജ് പരിസരത്ത് എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ധീരജിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. അതേസമയം കൊലപാതകം ആകസ്മികമെന്ന് ഇടുക്കി എസ്പി ആര്‍ കറുപ്പസ്വാമി പ്രതികരിച്ചു. ധീരജിന്റേത് ആസൂത്രിത കൊലപാതകമെന്ന് പറയാനാകില്ല. അറസ്റ്റിലായവരുടെ മൊഴിയുടെ സത്യാവസ്ഥകള്‍ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ രണ്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് പേര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ധീരജിന്റെ മൃതദേഹം സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് ടൗണില്‍ ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെയാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.