തത്കാലം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന് തമിഴ് നാട്

കോവിഡ് നിരക്ക് ഉയരുന്നു എങ്കിലും തമിഴ്നാട്ടില്‍ തത്കാലം സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം.എ സുബ്രമണ്യന്‍. ‘ ഇപ്പോഴത്തെ അവസ്ഥ വെച്ച് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ല. സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കരുതെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്’ – മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,990 പുതിയ കോവിഡ് കേസുകളും കോവിഡ് മൂലമുള്ള 11 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 തുടരുമെന്ന് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അതേസമയം, കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും.സ്വകാര്യ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതുവരെ നഗരത്തിലെ സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുകള്‍, അവശ്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍, ഇന്‍ഷുറന്‍സ്, മെഡിക്ലെയിം, ഫാര്‍മ കമ്പനികള്‍, അഭിഭാഷകരുടെ ഓഫീസുകള്‍, കൊറിയര്‍ സേവനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ കോര്‍പ്പറേഷനുകള്‍, സുരക്ഷാ സേവനങ്ങള്‍, മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, എണ്ണ, വാതക ചില്ലറ വില്‍പ്പന, സംഭരണം എന്നിവയെല്ലാം ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ നഗരത്തിലെ റെസ്റ്റോറന്റുകളിലെ ഇരുന്ന് കഴിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.