ലൈംഗികാതിക്രമക്കേസില്‍ സൗദിയില്‍ പുതിയ ശിക്ഷാരീതി

ലൈംഗികാതിക്രമക്കേസുകളില്‍ സൗദിയില്‍ പുതിയ ശിക്ഷാരീതി നിലവില്‍ വന്നു. കേസിലെ പ്രതിയുടെ പേരുവിവരങ്ങളും പടവും മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുന്നതാണ് പുതിയ രീതി. മന്ത്രിസഭ അംഗീകാരം നല്‍കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വിധി ഇന്ന് മദീനയിലെ ക്രിമിനല്‍ കോടതി പുറത്തിറക്കി. ശിക്ഷക്ക് പുറമെയാണ് ഈ നടപടി. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും കടുത്ത ശിക്ഷയാണ് സൗദിയില്‍ ലൈംഗിക പീഡനക്കേസുകളില്‍ നല്‍കാറുള്ളത്. ഇതിന് പുറമെയാണ് പ്രതിയുടെ പേരും വിവരങ്ങളും പരസ്യമായി പ്രഖ്യാപിക്കുക.

സൗദിയിലെ കേസുകളില്‍ പ്രതികളുടെ വിവരങ്ങള്‍ പരമാവധി രഹസ്യമായി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ലൈംഗിക പീഡനക്കേസുകളില്‍ ഇതുണ്ടാകില്ല. മദീനയില്‍ റിപ്പോര്‍ട്ട് ചെയ്ത ലൈംഗികാതിക്രമക്കേസില്‍ ഇത്തരത്തില്‍ ആദ്യ വിധി നടപ്പാക്കി. മദീനയിലെ ക്രിമിനല്‍ കോടതിയാണ് സൗദി പൗരന് എട്ട് മാസം തടവും 5,000 റിയാല്‍ പിഴയും വിധിച്ചത്. ഇതിനുപുറമെ പ്രതിയുടെ പേരു വിവരങ്ങള്‍ സചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവിടും. കേസുകളുടെ ഗൗരവവും സ്വഭാവവും പരിഗണിച്ചാണ് വിധിയുണ്ടാവുക. തെറ്റായ പീഡന പരാതികള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള വകുപ്പുകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരിയിലാണ്, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പീഡന വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ആറിലേക്ക് ഒരു പുതിയ ഭേദഗതി കൂടി ചേര്‍ത്തത്. മോശമായ ചിഹ്നം കാണിക്കല്‍, വാക്കുകള്‍, അതിക്രമം, സോഷ്യല്‍ മീഡിയാ അവഹേളനം എന്നിവയെല്ലാം ലൈംഗികാതിക്രമ പരിധിയില്‍ പെടും.