കടം കയറി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു ; കോടികളുടെ കടം നികത്തി കഫെ കോഫി ഡേയെ കരകയറ്റി മാളവിക ഹെഗ്ഡെ

ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡ് ആയ കഫെ കോഫിഡേ സ്ഥാപകനും ഉടമയുമായ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. 2019 ജൂലായ് 31നാണ് കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കടം കയറിയതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. 2019 മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ആകെ ബാധ്യത 7200 കോടി രൂപയായിരുന്നു. എന്നാലിതാ മരണത്തെ തുടര്‍ന്ന് ആ സ്ഥാനത്ത് എത്തിയ സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക രണ്ടു വര്ഷം കൊണ്ട് സിദ്ധാര്‍ഥ് വരുത്തി വെച്ച കടങ്ങളുടെ മുക്കാലും അടച്ചു തീര്‍ത്തിരിക്കുന്നു. ഒരു പെണ്ണിന്റെ പവര്‍ ലോകത്തിനു കാട്ടി തന്നിരിക്കുകയാണ് മാളവിക.

1996 ജൂലായ് 11ന് ബംഗളൂരുവിലാണ് കഫേ കോഫി ഡേയുടെ ജനനം. ചായ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യമായ ഇന്ത്യയിലേക്ക് സിദ്ധാര്‍ത്ഥയുടെ കോഫി ഷോപ്പ് സംസ്‌കാരം വന്‍ തോതില്‍ അംഗീകരിക്കപ്പെട്ടു. ഒപ്പം ഇന്ത്യയുടെ ആദ്യകാല സംരംഭ മൂലധന നിക്ഷേപകരില്‍ ഒരാളായി അദ്ദേഹം പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സിദ്ധാര്‍ഥയുടെ മരണം കമ്പനി അനിശ്ചിതത്വത്തിലായി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്ലെറ്റുകള്‍ക്കും പൂട്ട് വീണു. ഒരു രക്ഷയുമില്ലെന്ന തോന്നാലാവാം സിദ്ധാര്‍ത്ഥയെ മരണത്തിലേക്ക് തള്ളിവിട്ടത്. തുടര്‍ന്നാണ് മാളവിക ഹെഗ്ഡെ തലപ്പത്തേക്ക് എത്തുന്നത്. കടംകയറി ആത്മഹത്യ ചെയ്തയാളുടെ ഭാര്യ തുടര്‍ന്ന് ആ സ്ഥാനം ഏറ്റെടുക്കുന്നു. നാട്ടുകാരൊക്കെ ചിന്തിച്ചത് ആ വഴിക്കായിരുന്നു. കുറച്ച് കഴിഞ്ഞാല്‍ കമ്പനി തന്നെ പൂട്ടിപ്പോകും എന്നാണ് അവരൊക്കെ കരുതിയിരുന്നത്. പക്ഷേ അതിനെയൊക്കെ കാറ്റില്‍ പറത്തി 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പര്‍ വുമണ്‍ ആണിന്ന് മാളവിക.

ഇങ്ങനെ വളരെ സങ്കീര്‍ണമായ, തകര്‍ച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വര്‍ഷം 3100 ആയി കുറഞ്ഞു. 2021ല്‍ അത് 1731ലേക്ക് താഴ്ന്നു. കമ്പനി തുടങ്ങുമ്പോള്‍ മുതല്‍ നോണ്‍ എക്‌സിക്യൂട്ടിവ് ബോര്‍ഡ് മെമ്പറായിരുന്ന മാളവിക സാകൂതം ബിസിനസ് നിരീക്ഷിക്കുകയായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പോലും കഫേ കോഫി ഡേക്ക് വളരാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. സിസിഡിയുടെ പുതിയ സിഇഒ, ബ്രാന്‍ഡിന്റെ മൂല്യം നിലനിര്‍ത്തുകയും നിരവധി പുതിയ നിക്ഷേപകരെ കണ്ടെത്തിയുമൊക്കെയാണ് കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയത്. ബംഗളൂരു ആസ്ഥാനമായുള്ള കഫെ കോഫി ഡേ ഇന്ത്യയിലുടനീളം നൂറുകണക്കിന് കോഫി ഷോപ്പുകള്‍ നടത്തുന്നുണ്ട്. സിസിഡിയിലെ കാപ്പിച്ചിനോ, ലേറ്റ്‌സ് എന്നിവ വളരെ ജനപ്രിയമാണ്. സ്റ്റാര്‍ബക്‌സ് കോര്‍പ്പ്, ബാരിസ്റ്റ, കൊക്കകോളയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റ കോഫി എന്നിവയാണ് സിസിഡിയുടെ പ്രധാന എതിരാളികള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മകളുമാണ് മാളവിക ഹെഗ്‌ഡെ.