കൊവിഡ് നിയന്ത്രണങ്ങള്‍ ‘പടിക്ക് പുറത്ത് ‘; കോഴിക്കോടും തിരുവനന്തപുരത്തും ആയിരങ്ങള്‍ പങ്കെടുത്ത സിപിഎം പാര്‍ട്ടി പരിപാടികള്‍

കോവിഡ് നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടി തന്നെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണാന്‍ കഴിയുക. കോവിഡ് വ്യാപനവും ഓമിക്രോണും ഭീഷണി ഉയര്‍ത്തുന്ന വേളയില്‍ ജനങ്ങളെ പൊട്ടന്മാര്‍ ആക്കുകയാണ് മുഖ്യമന്ത്രി അടങ്ങുന്ന ഭരണപക്ഷം. ഇന്നലെ തിരുവനന്തപുരത്ത് അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു തിരുവാതിര നടന്നതിന് പിന്നാലെ ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സിപിഎം പൊതുസമ്മേളനത്തിന് എത്തിയത് ആയിരത്തിനു മുകളില്‍ ജനങ്ങള്‍.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ജില്ലയുടെ വിവിധിയിടങ്ങളില്‍നിന്നായി ആയിരകണക്കിനുപേരാണ് എത്തിയത്. കേന്ദ്രീകരിച്ചുള്ള റാലിയും പ്രകടനുവുമെല്ലാം ഒഴിവാക്കിയെന്നും, ആരും പൊതുസമ്മേളന വേദിയായ കടപ്പുറത്തക്ക് എത്തേണ്ടതില്ലെന്ന് അറിയിച്ചെന്നും പാര്‍ട്ടി നേതൃത്വം പറയുമ്പോഴും ചടങ്ങിലേക്ക് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തി. ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് ചടങ്ങെങ്കിലും ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കേണ്ടത് അത്യാവിശ്യമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

പൊതു സമ്മേളനങ്ങള്‍ക്ക് പരമാവധി 150 പേരമാത്രം പങ്കെടുപ്പിക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ചടങ്ങ് നടന്നത്. സംസ്ഥാനം അടച്ചിടല്‍ ആശങ്കയുടെ വക്കിലെത്തി നില്‍ക്കെയാണ് കൂടിച്ചേരലിന് സിപിഎംതന്നെ വേദിയൊരുക്കുന്നത്. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേസമയം പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകള്‍ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേര്‍ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും പരിപാടി കാണാനെത്തി. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.