തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; വിദ്യാര്‍ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അഴീക്കോട് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. ഐ.ടി വിദ്യാര്‍ഥി അബ്ദുല്‍ മാലിക്കിനെയാണ് ആളുമാറി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. അഴീക്കോട് സ്വദേശികളായ സുല്‍ഫി, സുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് മാലിക്കിനെ തട്ടികൊണ്ടുപോയത്.
അഴീക്കോട് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പങ്കുള്ള ആളെന്ന ധാരണയിലാണ് അബ്ദുല്‍ മാലിക്കിനെ സംഘം തട്ടിക്കൊണ്ടുപോയത്. കടയില്‍ നില്‍ക്കുകയായിരുന്ന മാലിക്കിനെ വലിച്ചിഴച്ച് വണ്ടിയിലേക്ക് കയറ്റുകയായിരുന്നു. വഴിയിലുടനീളം മാലിക്കിനെ ക്രൂരമായി മര്‍ദിച്ചു. അവസാനം ആള് മാറി എന്ന് മനസിലായപ്പോള്‍ ഗുണ്ടകള്‍ മാലിക്കിനെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. സാരമായി പരിക്കേറ്റ മാലിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.