ദീലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന ; ദിലീപിന്റെ കയ്യില്‍ ലൈസന്‍സ് ഇല്ലാത്ത തോക്ക് ഉണ്ട് എന്ന് ക്രൈം ബ്രാഞ്ച്

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാഴാഴ്ച രാവിലെ 11.45ഓടെയാണ് ആലുവ പറവൂര്‍ കവലയിലെ പത്മസരോവരത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫീസിലും സഹോദരന്‍ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മതില്‍ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു. പിന്നീട് ദിലീപിന്റെ സഹോദരി സ്ഥലത്ത് എത്ത് ഉദ്യോഗസ്ഥര്‍ക്ക് വീട് തുറന്നു കൊടുത്തു. ഇതോടെ ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു.

അന്വേഷണസംഘം ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് ദിലീപിന്റെ വീട്ടിലെ പരിശോധന. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തന്റെ ചുമലില്‍ കൈവച്ച പൊലീസുകാരനെ വധിക്കും മറ്റുള്ള ഉദ്യോഗസ്ഥരുടെ വീട്ടില്‍ ലോറി കേറ്റും എന്നും ദിലീപ് പറഞ്ഞതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. റെയ്ഡ് തുടരുകയാണെന്നും ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ വസതിയിലാണ് റെയ്ഡ് നടത്തിയത്. ദിലീപ് വീട്ടിലില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. റെയ്ഡ് തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം വീട്ടിലെത്തിയതെന്നാണ് സൂചന. അതേസമയം ദിലീപിന്റെ കയ്യില്‍ ലൈസന്‍സ് ഇല്ലാത്ത തോക്ക് ഉണ്ട് എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് അതിനു വേണ്ടി തിരച്ചില്‍ നടത്തുന്നത്.