കണ്ണില്ലാത്ത ക്രൂരത ; തിരൂരില്‍ മൂന്നര വയസുകാരന്‍ മരിച്ചത് ക്രൂര മര്‍ദ്ദനമേറ്റ്; ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവും

തിരൂരില്‍ മരിച്ച മൂന്നര വയസുകാരന്‍ ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ മര്‍ദന മുറകള്‍ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവുകളും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബോധപൂര്‍വം മര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

തിരൂര്‍ ഇല്ലത്തുപാടത്തെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ കുടുംബത്തിലെ ഷെയ്ക്ക് സിറാജ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. ഇതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ അര്‍മാന്‍ സ്വകാര്യാശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. മാതാവ് മുംതാസ് ബീഗവും പൊലീസ് കസ്റ്റഡിയിലുണ്ട്. ഒരാഴ്ച മുമ്പാണ് കുടുംബം ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനും തര്‍ക്കമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.