വ്യാപകമായ പരാതി ; സിപിഎമ്മിന്റെ ‘മെഗാ തിരുവാതിര’ക്കെതിരെ പൊലീസ് കേസെടുത്തു
പരാതി രൂക്ഷമായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറോളംപേരെ പങ്കെടുപ്പിച്ച് ‘മെഗാ തിരുവാതിരക്ക് എതിരെ കേസെടുത്ത് പൊലീസ്. കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെതിരെ പാറശ്ശാല പൊലീസാണ് കേസെടുത്തത്. അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് അഞ്ഞൂറോളം വനിതകള്‍ പങ്കെടുത്ത തിരുവാതിര കളി നടന്നത്. പൊതുപരിപാടിയില്‍ 150 പേരെ പങ്കെടുക്കാവു എന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറിയത്.
ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് 500 ല്‍ അധികം സ്ത്രീകളെ ഉള്‍പ്പെടുത്തി തിരുവാതിര നടത്തിയത്.പാര്‍ട്ടിയുടെ വളര്‍ച്ചയും ഭരണത്തിന്റെ നേട്ടങ്ങളും കോര്‍ത്തിണക്കിയ വരികളാല്‍ സമ്പന്നമായ തിരുവാതിരകളി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയാണ് ചെറുവാരക്കോണം എല്‍പിഎസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചത്. ‘ഇന്നീപാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ’ എന്ന വരികള്‍ ഉള്‍പ്പെട്ട തിരുവാതിരകളി ഗാനം രചിച്ചത്. പൂവരണി കെവിപി നമ്പൂതിരി ആണ്.
അതിനിടെ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ കുത്തേറ്റു മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്ര നടക്കുന്ന സമയത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ തിരുവാതിര നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തുള്ള കോണ്‍ഗ്രസ് ജാള്യത മറയ്ക്കാനാണ് നേരത്തെ നിശ്ചയിച്ച പരിപാടിക്കെതിരെ ആരോപണം ഉയര്‍ത്തുന്നതെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെന്‍ഡാര്‍വിന്‍, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍ മഞ്ചു സ്മിത, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിരുവാതിര നടത്തിയത്.