ഗുവാഹത്തി എക്‌സ്പ്രസ് പാളംതെറ്റി ; മൂന്നു മരണം

ബംഗാളില്‍ ഗുവാഹത്തി എക്‌സ്പ്രസ് പാളംതെറ്റി ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിന് അടുത്തായിരുന്നു അപകടം. ആറു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് ബോഗികള്‍ പാളത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബോഗികള്‍ കൂട്ടിയിടിച്ച് ഒരു ബോഗി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരിയിലെ മൊയ്‌നാഗുരി മേഖലയ്ക്ക് സമീപമായിരുന്നു അപകടം. ബിക്കാനീറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന 15633 നമ്പരിലുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കിലെ വിള്ളലാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അലിപുര്‍ദുവാറില്‍ നിന്നുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. 14 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അപകടത്തില്‍ ആളപായമുണ്ടെന്നും ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, കോവിഡ് സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ട്രെയിന്‍ അപകട വാര്‍ത്ത അറിഞ്ഞതോടെ കുറച്ചുനേരം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.