വിഭജനം വഴിപിരിയിച്ചു ; നീണ്ട 74 വര്‍ഷങ്ങള്‍ക്കുശേഷം സഹോദരങ്ങള്‍ തമ്മില്‍ കണ്ടു

വിഭജനകാലത്ത് ഇന്ത്യ-പാക് അതിര്‍ത്തികള്‍ക്കപ്പുറമിപ്പുറം വേര്‍പ്പെട്ടുപോയ സഹോദരങ്ങളുടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് രണ്ടുദിവസമായി സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്. നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പ്. ഒടുവില്‍ കണ്ണീരണിഞ്ഞ് പുനസ്സമാഗമം. പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയായ മുഹമ്മദ് സിദ്ദീഖും ഇന്ത്യയുടെ ഭാഗമായ പഞ്ചാബില്‍ കഴിയുന്ന മുഹമ്മദ് ഹബീബും കുടുംബവുമാണ് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പരസ്പരം കണ്ടത്. 2019ല്‍ ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് തുറന്ന കര്‍താര്‍പൂര്‍ ഇടനാഴിയാണ് ഈ അപൂര്‍വസംഗമത്തിന് സാക്ഷിയായത്.

1947ല്‍ വിഭജനകാലത്ത് ചെറിയ കുഞ്ഞായിരുന്നു മുഹമ്മദ് സിദ്ദീഖ്. കുടുംബത്തോടൊപ്പം സിദ്ദീഖ് പാകിസ്താനിലെത്തിയപ്പോള്‍ ജ്യേഷ്ഠന്‍ ഹബീബിന് അവര്‍ക്കൊപ്പം ചേരാനായിരുന്നില്ല. രണ്ടായി വേര്‍പിരിഞ്ഞ ഇവര്‍ക്കിടയില്‍ പിന്നീട് ഒരു ബന്ധവുമുണ്ടായിരുന്നില്ല. കുറച്ചുമുന്‍പാണ് സമൂഹമാധ്യമങ്ങള്‍ വഴി രണ്ടുഭാഗത്തുമുള്ള കുടുംബങ്ങള്‍ പരിചയപ്പെടുന്നത്. പിന്നാലെ കര്‍താര്‍പൂര്‍ ഇടനാഴിവഴി സഹോദരങ്ങളുടെ കൂടിക്കാഴ്ചയ്ക്കുള്ള അവസരവുമൊരുക്കുകയായിരുന്നു ഇവര്‍. കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ച കാഴ്ചയായിരുന്നു അത്. പാകിസ്താന്റെ ഭാഗത്ത് കുടുംബത്തോടൊപ്പം സിദ്ദീഖിനെ കാത്തിരിക്കുകയായിരുന്നു ഹബീബ്. ഒടുവില്‍ തൊട്ടുമുന്നില്‍വന്നുനിന്നപ്പോള്‍ രണ്ടുപേര്‍ക്കും നിയന്ത്രണം നഷ്ടപ്പെട്ടു. പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു.

കര്‍ത്താര്‍പൂര്‍ ഇടനാഴിവഴി ഇങ്ങനെയൊരു അവസരമൊരുക്കിയ ഇരുരാജ്യങ്ങളുടെയും സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞു അവര്‍. ഇനിയും ഇവിടെ കണ്ടുമുട്ടാമെന്ന വാക്കുനല്‍കിയാണ് സിദ്ദീഖും ഹബീബും തിരികെമടങ്ങിയത്. നാല് കി.മീറ്റര്‍ നീളമുള്ള സിഖ് തീര്‍ത്ഥാടകപാതയാണ് കര്‍താര്‍പൂര്‍ ഇടനാഴി. പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബും, ഇന്ത്യയുടെ ഭാഗമായ പഞ്ചാബിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ചാണ് ഈ ഇടനാഴി നിര്‍മിച്ചത്. ഇരുരാജ്യങ്ങളിലെയും സിഖ് തീര്‍ത്ഥാടകര്‍ക്കായാണ് ഇത് സജ്ജമാക്കിയത്. ഇന്ത്യാ-പാക് ചര്‍ച്ചകള്‍ക്കൊടുവില്‍ ദിവസം വിസയില്ലാതെ 5,000ത്തോളം പേര്‍ക്ക് ഈ ഇടനാഴി വഴി ഇരുരാജ്യങ്ങളിലെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും.