ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഫ്രാങ്കോ മുളയ്ക്കല്‍ പീഡന കേസില്‍ പ്രതീക്ഷിക്കാത്ത വിധി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

രാവിലെ ഒമ്പതേമുക്കാലോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പിന്‍വാതില്‍ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയത്. ഒമ്പതരയോടെ ജഡ്ജിയും പത്ത് മണിയോടെ പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥരുമെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കന്യാസ്ത്രീകള്‍ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. വിധി പറയുന്ന ദിവസം കോടതി പ്രഖ്യാപിച്ചതിനു ശേഷം സഭാ ചാനലിനോട് മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ പ്രതികരിച്ചത്. വിശ്വാസികള്‍ തനിക്കായി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ രൂപതാസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമടക്കം കണ്ട കേസാണിത്. അന്വേഷണത്തിനായെത്തിയ കേരള പൊലീസിന് ബിഷപ്പിനെ കാര്യമായി കണ്ട് ചോദ്യം ചെയ്യാനുമായില്ല. അന്ന് അന്വേഷണസംഘത്തെ ഏറെ നേരം കാത്തുനിര്‍ത്തിച്ചു ബിഷപ്പ്. കന്യാസ്ത്രീയുടെ പരാതിയിലെ നിജസ്ഥിതിയറിയാന്‍ പിന്നീട് പലവട്ടം പൊലീസ് വല വീശിയെങ്കിലും ജലന്ധറില്‍ വെച്ച് നടക്കില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യല്‍ ക്രമസമാധാന പ്രശ്‌നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിപ്പ് നല്‍കി. ബിഷപ്പിന് ജലന്ധര്‍ മേഖലയില്‍ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നില്‍ക്കണ്ടായിരുന്നു ഇത്.

ഫ്രാങ്കോ മുളയ്ക്കല്‍ ഒളിച്ചു കളിയ്ക്കുന്നെന്ന് തോന്നിയതോടെയാണ് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത്. അങ്ങനെയാണ് 2018 സെപ്റ്റംബര്‍ 19-ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യല്‍. അറസ്റ്റ് രേഖപ്പെടുത്തിയ കോടതിയില്‍ ഹാജരാക്കാന്‍ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ബിഷപ്പിന് ദേഹാസ്വാസ്ഥ്യം. ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപപരിചരണ വിഭാഗത്തിലേക്ക്. ബിഷപ്പിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് തൊട്ടടുത്ത ദിവസം ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍. ഒടുവില്‍ റിമാന്‍ഡിലായി ബിഷപ്പ് പാലാ സബ് ജയിലിലേക്ക്. ദിവസങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവില്‍ ഉപാധികളോടെ ജാമ്യം.

കേസിനേയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന വ്യവസ്ഥകളോടെയാണ് പുറത്തിറങ്ങിയത്. 2019 ഏപ്രില്‍ 9-ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായി. ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകര്‍പ്പുകള്‍ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്റെ അപക്ഷകള്‍ കോടതിയിലെത്തി. ഒന്നിനുപുറകേ ഒന്നായി പുതിയ പുതിയ ഹര്‍ജികള്‍. ഇതിനിടെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നല്‍കിയ ഹര്‍ജികള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി.