സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ ; സഭയിലും സര്‍ക്കാരിന്റെ ഒളിച്ചുകളി

വിവാദമായിക്കൊണ്ടിരിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്ത് വിടുന്നതില്‍ നിയമസഭയിലും ഒളിച്ചുകളിച്ചു സര്‍ക്കര്‍. ഡി.പി.ആര്‍ നല്‍കുമെന്ന് രേഖാമൂലം മുഖ്യമന്ത്രി നല്‍കിയ മറുപടി പാലിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് അവകാശ ലംഘനം നടന്നതായി കാണിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഈ നിയമസഭയുടെ മൂന്നാം സമ്മേളനത്തിലാണ് തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ വിശദ പദ്ധതി രേഖയുടെയും റാപ്പിഡ് ഇംപാക്ട് സ്റ്റഡി റിപോര്‍ട്ടിന്റെയും പകര്‍പ്പ് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ 27 ന് രേഖാമൂലം മറുപടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.പി.ആര്‍ അനുബന്ധമായി സി.ഡിയില്‍ നല്‍കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും സിഡി ചോദ്യകര്‍ത്താവിന് ലഭിച്ചില്ല. ഇ നിയമസഭ വഴി കിട്ടിതെ വന്നതോടെ നിയമസഭ ലൈബ്രറയിലടക്കം തിരഞ്ഞെങ്കിലും ഡി.പി.ആര്‍ അടങ്ങുന്ന സിഡി ലഭ്യമായില്ല. ഇതോടെയാണ് പരാതിയുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഡി.പി.ആര്‍ പുറത്ത് വിടണമെന്ന ആവശ്യത്തിന് അന്തിമാനുമതി ലഭിക്കാതെ നല്‍കാനാവില്ലെന്നാണ് നിയമസഭയ്ക്ക് പുറത്ത് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. അതേസമയം നിയമസഭയില്‍ നല്‍കാമെന്ന് മുഖ്യമന്ത്രി തന്നെ രേഖാമൂലം മറുപടി നല്‍കിയ ശേഷം നല്‍കാതിരുന്നത് വീണ്ടും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.