ചുരുളിക്ക് ക്‌ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പോലീസ്
ചുരുളി’യില്‍ കുറ്റകരമായ ഉള്ളടക്കമില്ലെന്ന് കേരളാ പോലീസ് . ഹൈക്കോടതി നിര്‍ദേശപ്രകാരം ചിത്രത്തിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും പരിശോധിച്ചതിന് ശേഷമാണ് പോലീസ് സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചു വേണം കാണാനെന്നാണ് പോലീസ് സമിതിയുടെ വിലയിരുത്തല്‍. പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ചിത്രം സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ പരാതി ഉയര്‍ത്തിയാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാസവദത്ത എഴുതിയതിന്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ ചലച്ചിത്രകാരന്റെ സൃഷ്ടിയാണ്. കലാകാരന്റെ സ്വാതന്ത്ര്യമെന്നാല്‍ സങ്കല്‍പ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. നിര്‍ബന്ധപൂര്‍വം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്ഫോമുകള്‍ കോടതി പറഞ്ഞു.
‘സിനിമയിലെ കഥാപാത്രങ്ങള്‍ ‘വള്ളുവനാടന്‍’ എന്നോ കണ്ണൂരോ തിരുവനന്തപുരമോ എന്നോ ഭാഷ ഉപയോഗിക്കണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ല. നിയമപരമായ ലംഘനമാണോ സിനിമയുടെ പ്രദര്‍ശനം എന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് കഴിയൂ. അത് തീരുമാനിക്കുമ്പോള്‍ സിനിമാക്കാരന്റെ കലാസ്വാതന്ത്ര്യവും മനസ്സിലുണ്ടാകണം,” കോടതി നിരീക്ഷിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒടിടി വഴി റിലീസ് ആയ സിനിമയാണ് ചുരുളി. ജോജു ജോര്‍ജ്ജ് , ചെമ്പന്‍ വിനോദ് , വിനയ് ഫോര്‍ട്ട് എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച സിനിമ ടൈം ലൂപ്പ് എന്ന കണ്‍സപ്റ്റില്‍ ആണ് ഒരുക്കിയിരിക്കുന്നത്.