നിയന്ത്രണങ്ങള്‍ക്ക് പുല്ലു വില ; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും
തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില. ഉത്തരവ് കാറ്റില്‍ പറത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും. സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കോവിഡ് പോസിറ്റിവ് ആയിട്ടും സമ്മേളനം മാറ്റി വെക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം. സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ കെ ഷിബുവിനാണ് രോഗം കണ്ടെത്തിയത്.
കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. അപ്പോഴാണ് നൂറു കണക്കിന് പ്രവര്‍ത്തകരെ അണി നിരത്തി സമ്മേളനം തുടര്‍ന്ന് പോകുന്നത്. 50ല്‍ കുറവ് ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചിരുന്നു. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഇതൊക്കെ സാധാരണക്കാര്‍ അനുസരിക്കുമ്പോള്‍ ആണ് പാര്‍ട്ടി ഹുങ്ക് കാണിക്കുന്നത്.
കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.മൂന്ന് ആഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.