ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു വിരാട് കോഹ്ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരതോല്‍വിക്കു പിന്നാലെ ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി. തോല്‍വിയോടെയാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം സമ്മാനിച്ച നായകന്റെ പടിയിറക്കം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് കോഹ്ലിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തരം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്‍ഷമാണ് പിന്നിടുന്നതെന്ന് കോഹ്ലി ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. അത്യധികം സത്യസന്ധതയോടെയാണ് ഞാന്‍ ജോലി ചെയ്തത്. ഒന്നും ബാക്കിവച്ചിട്ടില്ല. എല്ലാ കാര്യങ്ങള്‍ക്കും ഒരുഘട്ടമെത്തിയാല്‍ അവസാനമുണ്ടാകും. ഇന്ത്യന്‍ ടെസ്റ്റ് നായകനെന്ന നിലയ്ക്കുള്ള എന്റെ അന്ത്യമാണിപ്പോള്‍-വികാരഭരിതമായ കുറിപ്പില്‍ കോഹ്ലി പറഞ്ഞു.

ഈ യാത്രയില്‍ ഒരുപാട് കയറ്റിറക്കങ്ങളെല്ലാമുണ്ടായിട്ടുണ്ട്. എന്നാല്‍, ഒരിക്കലും അധ്വാനക്കുറവോ വിശ്വാസക്കുറവോ ഒന്നുമുണ്ടായിട്ടില്ല. എന്റെ കഴിവിന്റെ 120 ശതമാനവും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അര്‍പ്പിക്കണമെന്നാണ് എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. അങ്ങനെ ചെയ്യാനാകുന്നില്ലെങ്കില്‍ അത് ശരിയല്ലെന്ന് എനിക്കറിയാം. എന്റെ മനസില്‍ പൂര്‍ണ വ്യക്തതയുണ്ട്. ടീമിനോട് വഞ്ചനകാണിക്കാന്‍ എനിക്കാകില്ല-കോഹ്ലി പറയുന്നു.ടി20 ലോകകപ്പ് തോല്‍വിക്കു പിറകെയാണ് കോഹ്ലി ചെറിയ ഫോര്‍മാറ്റിലെ നായകസ്ഥാനമൊഴിഞ്ഞത്. പിന്നാലെ, ഏകദിനത്തിലും കോഹ്ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചിരുന്നു. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

ഇത്രയും നീണ്ടകാലം ടീമിനെ നയിക്കാന്‍ അവസരം നല്‍കിയതില്‍ ബിസിസിഐക്ക് നന്ദി രേഖപ്പെടുത്തുന്നതായും കോഹ്ലി കുറിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ കാര്യത്തില്‍ എനിക്കുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ആദ്യദിനം മുതല്‍തന്നെ സ്വീകരിച്ച സഹതാരങ്ങളാണ്. ഒരുഘട്ടത്തിലും അവരത് ഉപേക്ഷിച്ചില്ല. നിങ്ങളാണ് ഈ യാത്ര അവിസ്മരണീയവും മനോഹരവുമാക്കിയതെന്നും താരം കുറിച്ചു. മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും പഴയ സപ്പോര്‍ട്ട് സ്റ്റാഫിനും പ്രത്യേകം നന്ദിരേഖപ്പെടുത്തിയിട്ടുണ്ട്. ”ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മെ നിരന്തരം ഉയര്‍ച്ചയിലേക്ക് നയിച്ച വാഹനത്തിനു പിന്നിലെ എന്‍ജിനുകളായിരുന്നു രവി ശാസ്ത്രിയും സപ്പോര്‍ട്ട് സ്റ്റാഫും. അവരോട് പറയാനുള്ളത് ആ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചവരാണ് നിങ്ങളെന്നാണ്. അവസാനമായി, മുന്‍ നായകന്‍ എംഎസ് ധോണിക്കുകൂടി വലിയവാക്കില്‍ നന്ദി പറഞ്ഞാണ് കോഹ്ലി കുറിപ്പ് അവസാനിപ്പിച്ചത്. നായകനെന്ന നിലയ്ക്ക് തന്നെ വിശ്വസിക്കുകയും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തനായയാളെന്ന നിലയില്‍ തന്നെ കണ്ടെടുക്കുകയും ചെയ്തയാളാണ് ധോണിയെന്ന് കോഹ്ലി കുറിച്ചു.