ഉടമ മരിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ഖബറിടത്തില്‍ കൂട്ടിരിക്കുന്ന വളര്‍ത്തുപൂച്ച
മരിച്ചു പോയ തന്റെ യജമാനന് കാവലിരിക്കുന്ന പൂച്ചയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. സെര്‍ബിയയിലെ ഒരു പൂച്ചയാണ് ഉടമ മരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഖബറിടത്തിനരികില്‍നിന്ന് മാറാന്‍ കൂട്ടാകാതെ കാവലിരിക്കുന്നത്. സെര്‍ബിയയില്‍ ഏറെ സ്വാധീനമുള്ള മുസ്‌ലിം പണ്ഡിതനായിരുന്ന ശൈഖ് മുആമിര്‍ സുകോര്‍ലിച്ചിന്റേതാണ് ഈ വളര്‍ത്തുപൂച്ച. കഴിഞ്ഞ നവംബര്‍ ആറിനാണ് സെര്‍ബിയന്‍ ദേശീയ അസംബ്ലി വൈസ് പ്രസിഡന്റും മുഫ്തിയും(മതവിധികള്‍ നല്‍കുന്ന പണ്ഡിതന്‍) ആയിരുന്ന ശൈഖ് മുആമിര്‍ അന്തരിക്കുന്നത്.
മുആമിറിന്റെ മരണത്തോടെ ഇവിടെ സ്ഥാനമുറപ്പിച്ച പൂച്ച രണ്ടു മാസം കഴിഞ്ഞും മാറിവരുന്ന കാലാവസ്ഥകളിലും എങ്ങോട്ടും പോകാന്‍ കൂട്ടാക്കാതെ ഇവിടെത്തന്നെ കാവലിരിക്കുകയാണ്. ചുറ്റും മഞ്ഞുമൂടിയിട്ടും ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങള്‍ ഒരു ട്വിറ്റര്‍ യൂസര്‍ പുറത്തുവിട്ടതോടെയാണ് ലോകത്തിന്റെ മൊത്തം നൊമ്പരക്കാഴ്ചയായി അതു മാറിയത്. മുആമിറിന്റെ വിയോഗത്തിനു പിറകെ ഖബറിടത്തിലെത്തിയ പൂച്ചയുടെ ചിത്രം നവംബര്‍ ഒന്‍പതിന് ലവാഡര്‍ എന്ന ട്വിറ്റര്‍ യൂസറാണ് പുറത്തുവിട്ടത്. മുഫ്തി മുആമിര്‍ സുകോര്‍ലിച്ച് അന്തരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പൂച്ച ഖബറിടം വിട്ട് പോയിട്ടില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു അന്ന് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവച്ചത്. മരണത്തിലും അദ്ദേഹത്തോട് ഒട്ടിനില്‍ക്കാനാണ് അത് ആഗ്രഹിക്കുന്നതെന്നും ലവാഡര്‍ കുറിച്ചു.
ദിവസങ്ങള്‍ക്കുമുന്‍പ് ലവാഡര്‍ വീണ്ടും ഖബറിടത്തിലെത്തിയപ്പോഴും പൂച്ച അവിടംവിട്ടുപോയിരുന്നില്ല. മഞ്ഞുകട്ടകള്‍ക്കുമേല്‍ കുത്തിയിരിക്കുന്ന ചിത്രം കൂടി അദ്ദേഹം പങ്കുവച്ചതോടെയാണ് ഈ കരളലിയിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. കൊടും ശൈത്യത്തിലും തന്റെ പ്രിയപ്പെട്ട ഉടമയുടെ കുടീരത്തിനരികില്‍ അനന്തതയിലേക്ക് കണ്ണുംനട്ട് കുത്തിയിരിക്കുകയാണ് പൂച്ച. മതപണ്ഡിതനാണെങ്കിലും സെര്‍ബിയന്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു ശൈഖ് മുആമിര്‍. ജസ്റ്റിസ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ പാര്‍ട്ടി അംഗമായിരുന്ന അദ്ദേഹം 2016 മുതല്‍ 2020 വരെ പാര്‍ലമെന്റ് അംഗവും സെര്‍ബിയന്‍ നാഷനല്‍ അസംബ്ലി വൈസ് പ്രസിഡന്റുമായിരുന്നു.
Update: His Cat is still there… https://t.co/frwD8H1S2K pic.twitter.com/Lfq4eRHCiR
— Lavader (@LavBosniak) January 10, 2022