ഇന്ന് 18,123 പേര്‍ക്ക് കോവിഡ് ; കൂടുതല്‍ തിരുവനന്തപുരത്ത്

സംസ്ഥാനത്തു ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 511, കൊല്ലം 29, പത്തനംതിട്ട 476, ആലപ്പുഴ 217, കോട്ടയം 305, ഇടുക്കി 128, എറണാകുളം 1492, തൃശൂര്‍ 276, പാലക്കാട് 248, മലപ്പുറം 135, കോഴിക്കോട് 415, വയനാട് 125, കണ്ണൂര്‍ 289, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,23,430 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,03,864 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

അതിനിടെ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം. സാമൂഹിക, സാംസ്‌കാരിക, സാമുദായിക, പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ കൊവിഡ് ചട്ടങ്ങള്‍ പ്രകാരം മാത്രമേ നടത്താവൂ. സര്‍ക്കാര്‍, പൊതു മേഖല സ്ഥാപനങ്ങളിലുള്‍പ്പെടെ യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണമെന്നും നിര്‍ദേശമുണ്ട്. ഷോപ്പിംഗ് മാളുകളില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന നിലയില്‍ പ്രവേശനം ക്രമീകരിയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേയ്ക്ക് അടച്ചിടാനും കളക്ടര്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. എറണാകുളത്ത് ടിപിആര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.