പതിനാലുകാരിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊന്നു ; വിഴിഞ്ഞം കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍
കോവളത്ത് വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ മുമ്പ് ഒരു കൊലപാതകം കൂടി ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. അയല്‍വാസിയെ കൊലപ്പെടുത്തി, സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളായ റഫീക്കാ ബീവി, മകന്‍ ഷഫീഖ് എന്നിവരാണ് ഒരു വര്‍ഷം മുന്‍പ് കോവളത്ത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലും പ്രതികളെന്ന് വ്യക്തമായി. പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പീഡന വിവരം പുറത്തു പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി പറഞ്ഞു. ഷഫീഖിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുല്ലൂര്‍ ശാന്താസദനത്തില്‍ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിന്‍പുറത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന റഫീക്കാ ബീവി(50), മകന്‍ ഷഫീഖ്(23), സുഹൃത്ത് അല്‍ അമീന്‍(26) എന്നിവര്‍ അറസ്റ്റിലായത്. കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ മകന്‍ ആണെന്ന് റഫീഖാ ബീവി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഷഫീഖിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കൊല നടത്തിയ കാര്യം വെളിപ്പെടുത്തിയത്. 2021ജനുവരി 13നാണ് കോവളത്തിനും വിഴിഞ്ഞതിനുമിടയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തലയ്ക്ക് പരിക്കേറ്റിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായി. എന്നാല്‍ കാര്യമായ തെളിവ് ലഭിക്കാതെ കേസ് അന്വേഷണം വഴിമുട്ടുകയായിരുന്നു.ഷെഫീഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. 14കാരിയെ കൊലപ്പെടുത്തിയതെന്ന് റഫീക്കയും മകനും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.
പോലീസ് അറസ്റ്റ് ചെയ്ത റഫീക്കയും മകനും ഇവരുടെ ആണ്‍സുഹൃത്തും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് പുറകില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു റഫീക്കയും മകനും ചേര്‍ന്ന് 14കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഒരുവര്‍ഷത്തെ ഇടവേളയില്‍ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതികളിലും ആണെന്നതും കേസിലെ പ്രത്യേകതയാണ്.