ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് മന്ത്രി കെ.രാധാകൃഷ്ണന്‍ ; ആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം
ശബരിമലയില്‍ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പന്റെ നാട്ടിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു.അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ:ദിവ്യ.എസ്.അയ്യര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചത്. പ്രത്യേക റിക്രൂട്ട്‌മെന്റി
ലൂടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്കുമെന്ന് സന്ദര്‍ശന ശേഷം മന്ത്രി പറഞ്ഞു.ഫോറസ്റ്റ് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് 500 ആദിവാസി വിഭാഗത്തില്‍ പെട്ടവരേയും എക്‌സൈസ് വകുപ്പിലേക്ക് 200 പേരേയുമാണ് ഉടന്‍ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുക എന്നും മന്ത്രി വ്യക്തമാക്കി.
മൂഴിയാര്‍ പവര്‍ഹൗസിനോടു ചേര്‍ന്നുള്ള കെ എസ് ഇ ബി ക്വാര്‍ട്ടേഴ്‌സുകള്‍ സായിപ്പിന്‍ കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.മൂഴിയാറില്‍ ഒഴിഞ്ഞുകിടക്കുന്ന അനവധി കെ എസ് ഇ ബി ക്വാര്‍ട്ടേഴ്‌സുകള്‍ ഉണ്ട്. അവയില്‍ നൊമാഡിക് വിഭാഗത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കും. ജനങ്ങളുടേയും സ്ഥലത്തിന്റേയും മറ്റുമുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ട്രൈബല്‍ വകുപ്പ്, കെ എസ് ഇ ബി, പഞ്ചായത്ത്, വനം വകുപ്പ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കേണ്ടത്.
ആനയിറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി ഫെന്‍സിംഗ് നിര്‍മിക്കും. ഊരിലെ വൈദ്യുതി എത്താത്ത സ്ഥലങ്ങളില്‍ വൈദ്യുതിയും ലഭ്യമാക്കും.
ആദിവാസി ഊരുകളില്‍ ഫോറസ്റ്റ്, പോലീസ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ ഗുണപരമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണം. ഗര്‍ഭിണികളും, കുട്ടികളുമുള്‍പ്പടെയുള്ളവരുടെ ആരോഗ്യ പരിശോധന കൃത്യമായി നടത്തണമെന്നും, പോഷകാഹാര കുറവ് ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും, വീടില്ലാത്തവര്‍ക്ക് വീടും നല്‍കുവാനും, കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുവാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തരം പ്രയോജനങ്ങള്‍ ഇവര്‍ സ്ഥിരമായി ഒരു സ്ഥലത്ത് കഴിയാത്തതിനാല്‍ ലഭിച്ചിരുന്നില്ല. ഇവരെ സ്ഥിരമായി ഒരു സ്ഥലത്ത് താമസിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.
ആദിവാസി ഊരുകളിലെ വീടുകളിലെത്തി അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിയും സംഘവും അവര്‍ക്കൊപ്പം ആഹാരവും കഴിച്ച ശേഷമാണ് മടങ്ങിയത്.
ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് സുജ,സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, ജില്ലാ ട്രൈബല്‍ ഓഫീസര്‍ സുധീര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.