പങ്കാളി കൈമാറ്റ കേസ് ; സദാചാര പോലീസ് ആകാന്‍ വയ്യാ എന്ന് ജില്ലാ പോലീസ് മേധാവി
പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ. ഫലത്തില്‍ മോറല്‍ പോലീസിംഗ് ആയി ഇതു മാറും എന്നാണ് മേധാവി പറയുന്നത്. അത് കൊണ്ട് തന്നെ പരാതി ഉള്ള കേസില്‍ മാത്രമേ പോലീസിന് നടപടി എടുക്കാന്‍ ആകു എന്നും ഡി ശില്പ ഐ പി എസ് വ്യക്തമാക്കി. അല്ലെങ്കില്‍ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. കോട്ടയത്ത് നിലവില്‍ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭര്‍ത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നല്‍കി. അതാണ് കേസില്‍ നിര്‍ണായകമായത് എന്നും ജില്ലാ പോലീസ് മേധാവി.
കോട്ടയം സ്വദേശിനി നല്‍കിയ പരാതിയില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പിടിക്കാന്‍ പോലീസിന് ആയത്. ആദ്യ ദിവസങ്ങളില്‍ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസില്‍ അറസ്റ്റില്‍ ആകാന്‍ ഉള്ളത്. ഇതില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ആണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത് എന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മറ്റു രണ്ടുപേരും ഒളിവില്‍ തുടരുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിയെങ്കിലും പരാജയപ്പെട്ടു.
സംഭവത്തില്‍ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരന്‍ പറഞ്ഞിരുന്നു. വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരന്‍ പറഞ്ഞിരുന്നു.അമ്മ വിചാരിച്ചാല്‍ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരന്‍ പറഞ്ഞിരുന്നു. നിരവധി കുട്ടികള്‍ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരന്‍ വെളിപ്പെടുത്തി. മാതാപിതാക്കള്‍ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികള്‍ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകുന്നതായി സഹോദരന്‍ പറയുന്നു.
എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ ഉള്ള അന്വേഷണം പൊലീസിന് മുന്നോട്ടുകൊണ്ടുപോകാന്‍ ആയിട്ടില്ല. നിയമപരമായ പരിമിതികളാണ് പോലീസ് ചൂണ്ടികാണിക്കുന്നത്. ഏതായാലും അയ്യായിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും അതിലൊന്നും തുടര്‍ നടപടി എടുക്കാന്‍ ആകാത്ത അവസ്ഥയിലാണ് കോട്ടയം പോലീസ്. കാരണം സമൂഹത്തില്‍ ഉന്നത നിലയില്‍ ഉള്ള ധാരാളം പേര് ഈ ഗ്രൂപ്പുകളില്‍ സജീവമാണ്.