ഭാര്യയുമായി വേര്‍പിരിയുന്നു എന്ന് ധനുഷ്

തമിഴിലെ ഒന്നാം നമ്പര്‍ യുവതാരങ്ങളില്‍ ഒരാളാണ് ധനുഷ്. അഭിനയം ആയാലും സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആയാലും തന്റെ കൂടെ ഉള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇദ്ദേഹം. അതുകൊണ്ടു തന്നെ രണ്ടു തവണ മികച്ച നടനുള്ള ദേശിയ അവാര്‍ഡ് നേടാനും ധനുഷിന് കഴിഞ്ഞു. സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച ധനുഷ് ഇപ്പോള്‍ ബോളിവുഡ് , ഹോളിവുഡ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമായ രജനികാന്തിന്റെ മകള്‍ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.

ഏറെ നാളത്തെ പ്രണയത്തിനു ഒടുവിലാണ് ഇരുവരും വിവാഹിതരായത്. എന്നാലിപ്പോള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഉള്ള തീരുമാനത്തിലാണ് ധനുഷ്. താരം തന്നെയാണ് ഇതിനെ കുറിച്ചുള്ള വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നീണ്ട പതിനെട്ടു വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു എന്നാണ് താരം പോസ്റ്റ് ചെയ്തത്. തങ്ങള്‍ രണ്ടാളും ആലോചിച്ചു എടുത്ത തീരുമാനമാണ് എന്നും ധനുഷ് പറയുന്നു.നിര്‍മ്മാതാവ് , സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഐശ്വര്യയും. ധനുഷ് നായകനായ 3 എന്ന സിനിമയുടെ സംവിധായികയും ഐശ്വര്യ ആയിരുന്നു.