ഡബ്ല്യു.എം.എഫിന്റെ മൂന്നാമത് ദ്വിവത്സര കണ്‍വെന്‍ഷന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു

വിയന്ന: ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (WMF) മൂന്നാമത് ദ്വിവത്സര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ആയി നടത്തിയ സമ്മേളനം കേരളത്തിന്റെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേരള പ്ലാനിങ് ബോര്‍ഡ് അംഗവും സഫാരി ടി.വിയുടെ മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ലോക മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് പോസ്റ്റ് കോവിഡ് കാലഘട്ടത്തില്‍ വിനോദ സഞ്ചാരം, സംരംഭം തുടങ്ങിയ മേഖലകളില്‍ മാതൃനാടുമായി കൈകോര്‍ത്ത് നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഴ്കരിക്കാന്‍ സാധിക്കുമെന്ന് വിശിഷ്ട അതിഥികള്‍ പറഞ്ഞു.

ഗ്ലോബല്‍ കോഡിനേറ്റര്‍ ഡോ. ജെ. രത്‌നകുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ഗ്ലോബല്‍ സെക്രട്ടറി പൗലോസ് തേപ്പാല സംഘടനയുടെ 2020, 2021 കാലഘട്ടത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്ലോബല്‍ ട്രഷറര്‍ സുനില്‍. എസ്.എസ് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമ്മേളനത്തില്‍ 2022, 2023 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയും നിലവില്‍ വന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും 56 പേരടങ്ങുന്ന ഭാരവാഹികളാണ് ഗ്ലോബല്‍ നേതൃത്വത്തിലേയ്ക്ക് ചുമതലയേറ്റത്. പുതിയ ക്യാബിനറ്റ് അംഗങ്ങളായി ഡോ. ജെ. രത്‌നകുമാര്‍ (ഗ്ലോബല്‍ പ്രസിഡന്റ് – ഒമാന്‍), പൗലോസ് തേപ്പാല (ഗ്ലോബല്‍ കോഡിനേറ്റര്‍-ഖത്തര്‍), ഹരീഷ് നായര്‍ (ഗ്ലോബല്‍ സെക്രട്ടറി-ബെനിന്‍ റിപ്പബ്ലിക്), നിസാര്‍ എടത്തുംമിത്തല്‍ (ഗ്ലോബല്‍ ട്രഷറര്‍-ഹെയ്തി), റെജിന്‍ ചാലപ്പുറം (ഇന്ത്യ), ശ്രീജ ടോമി (ഇറ്റലി), ശിഹാബ് കൊട്ടുകാട് (സൗദി അറേബ്യ) തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരായും, ടോം ജേക്കബ് (കുവൈറ്റ്), മഞ്ജുഷ ശ്രീജിത്ത് (ഖത്തര്‍), മാത്യു ചെറിയാന്‍കാലായില്‍ (ഓസ്ട്രിയ) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ജോയിന്റ് ട്രഷററായി ജോണ്‍സണ്‍ തൊമ്മാനയും (ഈജിപ്റ്റ്) നിയമിതരായി. പുതിയ കാബിനറ്റ് അംഗങ്ങള്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ ചെയര്‍മാന്‍ – ഓസ്ട്രിയ), സുനില്‍ എസ്. എസ്. (കുവൈറ്റ്), നൗഷാദ് ആലുവ (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഡോണി ജോര്‍ജ് (ജര്‍മ്മനി) എന്നിവരും, പുതിയ ബോര്‍ഡ് ഓഫ് അഡൈ്വസെര്‍സ്, വിവിധ ഫോറം കോഡിനേറ്റര്‍സ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ്, റീജിയണല്‍ കോഡിനേറ്റര്‍സ് & പ്രസിഡന്റ്‌സ് എന്നിവരും അധികാരമേറ്റു.

സംഘടനയുടെ മുഖപത്രികയായ വിശ്വകൈരളിയുടെ ആറാമത് എഡിഷന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര പ്രകാശനംചെയ്തു. സിനിമ പിന്നണി ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്ന് സമ്മേളനത്തില്‍ ഏറെ ശ്രദ്ധേയമായി. ദുബൈയില്‍ നിന്നുള്ള നിഷ യുസഫ് അവതാരക ആയിരുന്നു. ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി ഹരീഷ് നായര്‍ നന്ദി അറിയിച്ചു.