കോടതി ഇടപെട്ടു ; പാര്‍ട്ടി സമ്മേളനങ്ങള്‍ അവസാനിപ്പിക്കാന്‍ സി പി എം

ഹൈ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സമ്മേളനങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാനത്ത് സമ്മേളനങ്ങള്‍ക്ക് ഹൈക്കോടതി ഇന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. അതേസമയം രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി ചോദിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയതും പിന്നീട് ഉത്തരവ് റദ്ദ് ചെയ്തതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഉത്തരവ് പിന്‍വലിക്കാന്‍ കലക്ടര്‍ നിര്‍ബന്ധിതനായി. കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് കാസര്‍ഗോഡ് സിപിഎം ജില്ലാ സമ്മേളനത്തെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു.

പിന്നീട് വിമര്‍ശനത്തെ തുടര്‍ന്നാണ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ സംസ്ഥാന നേതൃത്വം ആലോചന നടത്തിയത്. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം നാളെ അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഞായാറാഴ്ച്ച സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ പറയുന്നതനുസരിച്ചേ സമ്മേളനങ്ങള്‍ നടത്തുവെന്നും സിപിഎം ഈ വിഷയത്തില്‍ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സി പി എമ്മിന്റെ ആളുകള്‍ക്ക് തന്നെ രോഗം പടര്‍ത്തണം എന്ന ആഗ്രഹം സി പി എമ്മിനുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.

കോടിയേരിയെ കൂടാതെ സിപിഎം സമ്മേളനം തുടരുന്നതിനെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് രംഗത്തെത്തിയിരുന്നു. സി.പി.എം സമ്മേളനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കലക്ടര്‍മാരാണന്നും പരാതി വന്നാല്‍ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പാലിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരു കാറ്റഗറിയിലുംപെടാത്ത ജില്ലകളില്‍ മുന്‍പ് പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.